ചേതന്‍ ഭഗതിന്റെ ട്വീറ്റ് വൈറലായി

മുംബൈ :സമൂഹ മാധ്യമങ്ങളില്‍ ബിജെപിക്ക് അനുകൂലമായി എഴുതിയും കോണ്‍ഗ്രസിനെ എതിര്‍ത്തും പരസ്യമായി രംഗത്ത് വരാറുള്ള എഴുത്തകാരനാണ് ചേതന്‍ ഭഗത്.

കോണ്‍ഗ്രസിനെതിരായും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചും പലപ്പോഴും ട്വിറ്ററില്‍ ചേതന്‍ ഭഗത് തൊടുക്കുന്ന അമ്പുകള്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ട്രെന്റിങ്ങാണ്. അതു കൊണ്ട് തന്നെ ബിജെപി പ്രവര്‍ത്തകര്‍ ട്വിറ്ററില്‍ പ്രധാനമായും പിന്തുടരുന്ന ഒരു എഴുത്തുകാരനാണ് ചേതന്‍ ഭഗത്.

എന്നാല്‍ ഞായറാഴ്ച രാവിലെ ട്വിറ്ററില്‍ ചേതന്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ ഹൃദയം നടുങ്ങി.

‘ഇനി അധികം കാത്തു നില്‍ക്കാനാവില്ല, ഈ രാജ്യത്തെ ശരിയാക്കേണ്ടിയിരിക്കുന്നു, താന്‍ കോണ്‍ഗ്രസിലേക്ക് ചേരുകയാണെന്നും രാഹുല്‍ ഗാന്ധിയോടൊപ്പം ചേര്‍ന്ന് കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ പ്രചരണം നടത്തും, ഒരു നല്ല ഇന്ത്യയെ പടുത്തുയര്‍ത്തണം, അതിന് നിങ്ങളുടെ ഏവരുടെയും ആശിര്‍വാദം വേണം, എന്നായിരുന്നു ട്വിറ്ററില്‍ ചേതന്റെ വാക്കുകള്‍’.

ഇതിന് താഴെയാണ് ഒറിജിനല്‍ ട്വിസ്റ്റ് കിടന്നിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന് പറഞ്ഞ് ഒരു ലിങ്കും ചേതന്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ലിങ്ക് തുറന്ന് നോക്കുമ്പോള്‍ ലഭിക്കുക എപ്രീല്‍ ഫൂളിനെ കുറിച്ചുള്ള ഒരു വിക്കിപീഡിയ പേജ് ആയിരുന്നു. ചേതന്‍ കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന കുറിപ്പ് കണ്ട ആരാധകര്‍ ഇന്ന് വിഢിദിനമാണെന്ന കാര്യം മറന്ന് ലിങ്ക് പോലും തുറക്കാതെ കമന്റുകള്‍ ഇടാന്‍ തുടങ്ങി.

പലരും ഹൃദയം തകരുന്ന വേദനയും പങ്കു വെച്ചു. വളരെ കുറച്ച് പേര്‍ മാത്രമേ ചേതന്റെ കുറിപ്പിലെ ലിങ്ക് തുറന്ന് നോക്കിയുള്ളു.അങ്ങനെ തന്റെ ട്വിറ്ററിലെ സ്വന്തം ആരാധകരെ തന്നെ ചേതന്‍ വിഢിദിനത്തില്‍ വിഢികളാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here