മാധ്യമപ്രവര്‍ത്തകന്റെ അമ്മയും മകളും കൊല്ലപ്പെട്ടു

മുംബൈ: മാധ്യമപ്രവര്‍ത്തകന്റെ അമ്മയേയും മകളേയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം.
നാഗ്പൂര്‍ ടൈംസില്‍ ക്രൈം റിപ്പോര്‍ട്ടറായ പ്രാദേശിക പത്രലേഖകനായ രവികാന്ത് കാംബ്ലയുടെ മാതാവ് ഉഷ കാംബ്ല(52)യെയും ഒരുവയസ്സുകാരിയായ മകള്‍ രാഷിയെയും ശനിയാഴ്ച വൈകിട്ട് കാണാതായിരുന്നു.

തുടര്‍ന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പവന്‍പുത്ര സ്വദേശിയായ ഗണേഷ് ഷാഹു (26)വിനെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് അറിയിച്ചു.

നാഗ്പൂരില്‍ സിതാബല്‍ഡി മേഖലയില്‍ ഒരു കലുങ്കിനടിയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ഉഷയുടെയും രാഷിയുടെയും ശരീരത്തില്‍ സംശയകരമായ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഉഷ പണം പലിശയ്ക്കു കൊടുക്കാറുണ്ടായിരുന്നതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നിലേഷ് ഭര്‍നെ വ്യക്തമാക്കി. ചിട്ടിക്കാശുമായി ബന്ധപ്പെട്ട് ഉഷയും ഷാഹുവും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണു കൊലപാതകമെന്ന് ജോയിന്റ് കമ്മീഷണര്‍ ശിവജി ബോട്‌കെ വ്യക്തമാക്കി.

പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ ഉഷയെ പടവുകള്‍ക്കു മുകളില്‍ നിന്നു തള്ളിയിട്ട ശേഷം ഷാഹു കഴുത്തുമുറിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം കണ്ട ഉഷയുടെ കൊച്ചുമകള്‍ രാഷി കരഞ്ഞതിനെ തുടര്‍ന്നാണ് കുഞ്ഞിനെയും കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്നാണ് മൃതദേഹങ്ങള്‍ ചാക്കില്‍ക്കെട്ടി നദിക്കരയില്‍ കൊണ്ടിട്ടതെന്നും ബോട്‌കെ വ്യക്തമാക്കി. 

LEAVE A REPLY

Please enter your comment!
Please enter your name here