മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ കേസ്

പറ്റ്‌ന: അഭിഭാഷകനെ പ്രണയിച്ച മകളെ വീട്ടുതടങ്കലിലാക്കിയതിന് ജഡ്ജിക്കെതിരെ പറ്റ്‌ന ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഘഗാരിയ ജില്ലാ കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

24 കാരിയായ മകള്‍ തേജസ്വിനി, സിദ്ധാര്‍ത്ഥ് ബന്‍സാല്‍ എന്ന സുപ്രീം കോടതി അഭിഭാഷകനുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതോടെയാണ് സുഭാഷ് ചന്ദ്ര മകളെ വീട്ടുതടവിലാക്കിയത്.

2012 ലാണ് തേജസ്വിനിയും സിദ്ധാര്‍ത്ഥും ഡല്‍ഹിയില്‍വെച്ച് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. കഴിഞ്ഞമാസം ഡല്‍ഹി ജുഡീഷ്യല്‍ സര്‍വ്വീസസ് പരീക്ഷയെഴുതാന്‍ ഡല്‍ഹിയിലെത്തിയ തേജസ്വിനി സിദ്ധാര്‍ത്ഥിനെ നേരില്‍ കണ്ടു.

ഇവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞതോടെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ പെണ്‍കുട്ടിയുമായി അമ്മ തിരികെ പോയി. തുടര്‍ന്ന് പിതാവ് തേജസ്വിനിയെ മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.

മാതാപിതാക്കള്‍ സിദ്ധാര്‍ത്ഥിനെ വിളിച്ച് തേജസ്വിനിയുടെ കരച്ചില്‍ കേള്‍പ്പിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് സിദ്ധാര്‍ത്ഥ് വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. എന്നാല്‍ സിവില്‍ സര്‍വന്റോ ജഡ്ജിയോ ആണെങ്കില്‍ മാത്രമേ വിവാഹം കഴിച്ച് നല്‍കാനാകൂ എന്നായിരുന്നു ചൗരസ്യയുടെ മറുപടി.

തുടര്‍ന്ന് സിദ്ധാര്‍ത്ഥ് ഡിജിപിക്ക് പരാതി നല്‍കിയതോടെ പെണ്‍കുട്ടിയെ മോചിപ്പിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. ഡിജിപി, എസ്പി മീനുകുമാരിയെ അന്വേഷണച്ചുമതലയേല്‍പ്പിച്ചതോടെയാണ് മോചനത്തിന് കളമൊരുങ്ങിയത്.

അതേസമയം ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തയെത്തുടര്‍ന്ന് കോടതി  ജഡ്ജിക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here