ശമ്പളം പരിഷ്‌കരിച്ച് വിജ്ഞാപനമിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം : സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് ലേബര്‍ കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ചൊവ്വാഴ്ച രാവിലെ 10 ന് ചേര്‍ത്തലയില്‍ നിന്ന് നഴ്‌സുമാര്‍ ലോങ്മാര്‍ച്ച് ആരംഭിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം.

വനിതകളക്കമുള്ള നഴ്‌സുമാര്‍ പണിമുടക്കി തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുന്നത് രാജ്യത്ത് വന്‍ ചര്‍ച്ചയായേക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അതിവേഗത്തില്‍ തീരുമാനമെടുത്തത്. ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടറാണ് തിങ്കളാഴ്ച വൈകീട്ടോടെ വിജ്ഞാപനം പുറപ്പെടുവിച്ചത്.

50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 20,000 രൂപ ശമ്പളമെന്ന സുപ്രീം കോടതി സമിതിയുടെ നിര്‍ദേശം സിഐടിയു നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അട്ടിമറിച്ചതാണ് സമരത്തിന് കാരണമായത്.

50 കിടക്കകള്‍ വരെയുളള ആശുപത്രികളില്‍ 20,000 രൂപയും 50 മുതല്‍ 100 വരെയുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ 24,400 രൂപ വരെയും 100 മുതല്‍ 200 വരെയുള്ളിടത്ത് 29400 രൂപയും 200 ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32,400 രൂപയുമാണ് സുപ്രീം കോടതി നിശ്ചയിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയാവുകയും ചെയ്തിരുന്നു. എന്നാല്‍ വിഷയം മിനിമം വേജസ് ഉപദേശക സമിതിക്ക് വിടണം. ഈ ഘട്ടത്തില്‍ സിഐടിയു പ്രതിനിധികള്‍ സുപ്രീം കോടതി സമിതിക്ക് വിരുദ്ധമായ നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്.

100 കിടക്കകള്‍ വരെ 20,000 വും 100 മുതല്‍ 300 വരെ 22,000 രൂപയുമായിരുന്നു നിര്‍ദേശം. ഇതോടെയാണ് ലോങ് മാര്‍ച്ച് നടത്താന്‍ നഴ്‌സിങ് സംഘടനകള്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here