അവസാനം വരെ കോണ്‍ഗ്രസെന്ന് സുധാകരന്‍

കണ്ണൂര്‍ :താന്‍ ബിജെപിയിലേക്ക് ചേക്കേറുന്നുവെന്ന് വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കണ്ണൂരില്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് വിവാദങ്ങള്‍ക്കെതിരെ സുധാകരന്റെ പ്രതികരണം.

ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സിപിഎമ്മിന്റെ സ്വാധീനം തകര്‍ന്നതിനെ തുടര്‍ന്നുള്ള പരിഭ്രാന്തിയിലാണ് പി.ജയരാജന്‍ ഇത്തരം കാര്യങ്ങള്‍ വിളിച്ച് പറയുന്നതെന്ന് സുധാകരന്‍ ആരോപിച്ചു.

മാനസിക തകര്‍ന്ന നിലയിലാണ് ജയരാജന്‍ പ്രസ്താവനകള്‍ നടത്തുന്നത്, ഒരു ബിജെപി നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഈ ആവശ്യവുമായി വന്ന ദൂതന്‍മാരെ ഒരു ചര്‍ച്ചയ്ക്ക് പോലും സാധ്യത കൊടുക്കാതെ താന്‍ പറഞ്ഞയച്ചിട്ടുണ്ട്.

ചാനല്‍ അഭിമുഖത്തില്‍ ഇക്കാര്യം തനിക്ക് നിഷേധിക്കാമായിരുന്നു. എന്നാല്‍ തന്റെ ‘പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി’ കാരണമാണ് ചാനല്‍ അഭിമുഖത്തിനിടെ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞത്. ഇതിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച ഒരു സ്വകാര്യ ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ എന്തു സംഭവിച്ചാലും ഒരിക്കലും താന്‍ ബിജെപിയിലേക്കും സിപിഎമ്മിലേക്കും പോവിലെന്ന് മാധ്യമ പ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തി കേരളീയ സമൂഹത്തെ അറിയിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

തലശ്ശേരി കലാപം തൊട്ട് ഫസല്‍ വധക്കേസ്, ഷുക്കൂര്‍ വധക്കേസ്, പള്ളിക്കുന്നിലെ സജീര്‍ വധക്കേസ്, മട്ടന്നൂരിലെ ഷുഹൈബ് വധക്കേസ് തുടങ്ങി കേരളത്തില്‍ വ്യാപകമായി ന്യൂനപക്ഷങ്ങളെ അക്രമിക്കാന്‍ കൂട്ടു നിന്നത് സി്പിഎമ്മാണെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ ആരോപിച്ചു.

തലശ്ശേരി കലാപം പുനരന്വേഷണം നടത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ആരു പാര്‍ട്ടി വിട്ടുപോയാലും താന്‍ കോണ്‍ഗ്രസ് വിട്ട് പോകിലെന്നും സുധാകരന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here