തെയ്യക്കോലം കെട്ടിയ ബൈജുവിന് പറയാനുള്ളത്

തലശ്ശേരി : വാളെടുത്ത് ഉറഞ്ഞാടിയ തെയ്യക്കോലം രണ്ട് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കണ്ണൂര്‍ തില്ലങ്കേരിയിലെ ഇയ്യമ്പാട് വയല്‍ത്തറ ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

കൈത ചാമുണ്ഡിയെന്ന ഉഗ്ര രൂപിയായ തെയ്യത്തിന്റെ വേഷം കെട്ടിയാടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൈതച്ചാമുണ്ടിയായി തെയ്യം കെട്ടിയ ചേമ്പ്രബൈജു മദ്യലഹരിയിലായിരുന്നുവെന്നാണ് അഭിപ്രായമുയര്‍ന്നത്. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. അതേസമയം യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ബൈജു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

ബൈജുവിന്റെ വാക്കുകള്‍:

ഉത്തരകേരളത്തിലുള്ളവര്‍ക്ക് തെയ്യം ജീവിതത്തിന്റെ ഭാഗം കൂടിയാണ്. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. തെയ്യംകെട്ടുന്നയാളെ ദൈവത്തിന്റെ പ്രതിപുരുഷനായിട്ടാണ് കാണുന്നത്. പലതരം തെയ്യങ്ങളില്‍ ഒന്നാണ് കൈതച്ചാമുണ്ടി. ഉഗ്ര സ്വഭാവമുള്ള ദേവരൂപമാണ് കൈതച്ചാമുണ്ടി. ഭക്തജനങ്ങള്‍ ഭയഭക്തിഭീതിയോടെ ആസ്വദിക്കുന്ന ഒന്നാണത്.

തെയ്യം തുടങ്ങുമ്പോള്‍ തന്നെ ക്ഷേത്ര അധികാരികള്‍ ചാമുണ്ടിയുടെ മുമ്പില്‍ പോകരുതെന്ന് അനൗണ്‍സ് ചെയ്യാറുണ്ട്. അസുരന്മാരെ കാളി നിഗ്രഹിക്കുന്നു എന്ന സങ്കല്‍പ്പത്തിലാണ് ക്ഷേത്രത്തില്‍ നിന്നിറങ്ങിയ തെയ്യം ഉഗ്രരൂപത്തില്‍ കൈതക്കാടുകള്‍ വെട്ടിയെടുക്കുന്നത്. കൈതവെട്ടുന്നത് കൊണ്ടാണ് ഈ തെയ്യത്തെ കൈതച്ചാമുണ്ടിയെന്ന് വിളിക്കുന്നത്.

തെയ്യകോലം കെട്ടലിന്റെ ഭാഗമായിട്ടുമാത്രമാണ് ഞാന്‍ മദ്യം കഴിക്കുന്നത്. അല്ലാതെ കഴിക്കാറില്ല. കൈതവെട്ടി ഗ്രാമത്തിലൂടെ ഓടുന്നസമയത്ത് ഞാന്‍ ബൈജുവല്ല, ദൈവചാമുണ്ടിയാണ്. ആ ചാമുണ്ടിയ്ക്ക് മുന്നില്‍പ്പെടുന്നവരെല്ലാം അസുരന്മാരാണ്. ചാമുണ്ടിയായി മാറുന്ന സമയത്ത് എന്താണ് ചെയ്യുന്നത് പറയാനാവില്ല. അക്രമകാരിയായ രൂപമാണത്. അങ്ങനെയാവാം അവര്‍ക്കുനേരെ വാളോങ്ങിയത്. അല്ലാതെ മനപൂര്‍വ്വം ഞാന്‍ ആരെയും മുറിവേല്‍പ്പിക്കാനായി വാളോങ്ങില്ല.

ഒരു തെയ്യംകലാകാരന്‍ മുഖത്തെഴുത്ത് നടക്കുമ്പോള്‍തന്നെ പതിയെ ദൈവഗണത്തിലേക്ക് പരകായപവേശനം തുടങ്ങുന്നു എന്നാണ് വിശ്വാസം.മുഖത്തെഴുത്ത് കഴിഞ്ഞ് ഗുരുക്കന്മാരുടെ അനുഗ്രഹത്തോടെ തലപ്പാളി വരിഞ്ഞുകെട്ടി കുത്തുവിളക്കിന്റെ അകമ്പടിയോടെ അരങ്ങിലെത്തുന്നു. തോറ്റത്തിനൊപ്പം ആടയാഭരണങ്ങള്‍ അണിയുന്നതോടുകൂടി കോലധാരി മനുഷ്യനില്‍ നിന്നും ദൈവികത്വം കൈവരിക്കുന്നു എന്നുള്ളതാണ് തെയ്യത്തിന്റെ സങ്കല്‍പ്പം.

അതോടെ ദൈവത്തിന്റെ പ്രതിപുരുഷനായ തെയ്യം ഉറഞ്ഞുതുള്ളിക്കൊണ്ട് കൈതവെട്ടാന്‍ പോകും. അതിനുശേഷം വാളോങ്ങി അസുരനിഗ്രഹത്തിന് ശേഷം കലിയടങ്ങാതെ ഗ്രാമത്തിലൂടെ ഓടും. ഇങ്ങനെ ഓടുന്ന തെയ്യത്തെ വിളക്കുവെച്ച് ഗ്രാമവാസികള്‍ വണങ്ങും. ഓട്ടം ചെന്നുനില്‍ക്കുന്നത് കാവിലാണ്. അവിടെവച്ച് ജീവനോടെ പൂവന്‍ കോഴിയെ മലര്‍ കൂട്ടി കള്ളിന്റെ അകമ്പടിയോടെ സേവിക്കുന്നത്തോടെ കൈതചാമുണ്ഡി അബോധാവസ്ഥയില്‍ മറിഞ്ഞ് വീഴും. തെയ്യം തുടങ്ങുന്നതിന് മുമ്പും അണിയറയില്‍വച്ച് നാടന്‍ ചാരായം സേവിക്കും. ചാരായവും മത്സ്യമാംസാധികളും കഴിക്കാതെ കഠിനവ്രതത്തോടെ കെട്ടുന്ന തെയ്യവുമുണ്ട്. കൈതചാമുണ്ടി ശിവന്റെയും ശക്തിയുടെയും ശക്തികള്‍ കൂടി ചേര്‍ന്നതാണ്. അത് മദ്യംസേവിക്കുന്ന രൂപമാണ്.

ഞമ്മളെ കണ്ണൂരിന്‍റെ #തെയ്യം…#കൈതചാമുണ്ഡി…കളി കണ്ണൂരുകാരോടും വേണ്ടാ..കണ്ണൂരിലെ തെയ്യത്തിനോടും വേണ്ടാ…

ജയപ്രകാശ് തില്ലങ്കേരിさんの投稿 2018年4月26日(木)

ഞാന്‍ വെട്ടിപരുകേല്‍പ്പിച്ചു എന്നു പറയുന്നവര്‍ക്കും പൊലീസുകാര്‍ക്കും എല്ലാം ഈ അനുഷ്ഠാനം എന്താണെന്ന് അറിയാം. വെട്ടുകൊണ്ടവര്‍ പറഞ്ഞത് ദൈവമാണ് വെട്ടിയത്, ദൈവം ചെയ്തതല്ലേ പരാതിയില്ല എന്നാണ്. അതുകൊണ്ടാണ് കസ്റ്റഡിയിലെടുത്തുവിട്ടത്. ഇതിന്റെ പേരിലുള്ള വിവാദങ്ങള്‍ തികച്ചും രാഷ്ട്രീയപരമാണ്. രാഷ്ട്രീയവൈരാഗ്യത്തിന് എന്നെ കരുവാക്കുന്നതാണ്. ഇത്തരം പരാമര്‍ശങ്ങള്‍ എന്റെ ഭാവികൂടി തകര്‍ക്കുന്നത്. തെയ്യം എന്താണെന്ന് അറിയാമായിരുന്നെങ്കില്‍ ഇങ്ങനെയൊരു വാര്‍ത്ത ആരും പ്രചരിപ്പിക്കില്ലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here