കലാമണ്ഡലം ഗീതാനന്ദന്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

ഇരിങ്ങാലക്കുട: പ്രശസ്ത തുള്ളല്‍ കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന്‍ (58) അരങ്ങില്‍ കുഴഞ്ഞു വീണു മരിച്ചു. ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 33 വര്‍ഷം കലാമണ്ഡലം അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വീരശൃംഖലയും തുള്ളല്‍ കലാനിധി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയും കേരള കലാമണ്ഡലവും ഉള്‍പ്പെടെ മികവിന്റെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. തുള്ളല്‍ കലാകാരന്‍ കൂടിയായ അകിലാണം കേശവന്‍ നമ്പീശന്റെ മകനാണ്. സ്‌കൂള്‍ കലോത്സവങ്ങളില്‍ ഓട്ടന്‍തുള്ളലില്‍ മത്സരിച്ച നൂറു കണക്കിന് കുട്ടികള്‍ക്ക് ഏറെക്കാലം പരിശീലനം നല്‍കിയിരുന്നു. സിനിമ മേഖലയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗീതാനന്ദന്‍ പ്രമുഖര്‍ക്കൊപ്പം നിരവധി സിനിമകളിലും ഏതാനും പരസ്യ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. കമലദളം, മനസിനക്കരെ, തൂവല്‍ കൊട്ടാരം, ഇരട്ടകുട്ടികളുടെ അച്ഛന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. രാജ്യത്തിന് അകത്തും പുറത്തുമായി അയ്യായിരത്തിലധികം വേദികളില്‍ അദ്ദേഹം ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല്‍പത് വര്‍ഷമായി തുള്ളല്‍ ആഭ്യസിപ്പിക്കുന്ന ഗീതാനന്ദന് തൊള്ളായിരത്തോളം ശിഷ്യന്മാരുണ്ട്. ചലച്ചിത്ര നൃത്തസംവിധായിക ശോഭനയാണ് ഭാര്യ. സനല്‍കുമാറും ശ്രീലക്ഷ്മിയും മക്കളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here