കര്‍ണ്ണാടകയില്‍ ജനം വിധിയെഴുതുന്നു

ബംഗലൂരു :കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കര്‍ണ്ണാടകയില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. എച്ച് ഡി ദേവഗൗഡയുടെ ജനതാദള്‍-എസ്സും ശക്തമായി മത്സര രംഗത്തുണ്ട്. അതുകൊണ്ട് തന്നെ വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് കര്‍ണ്ണാടക ഇത്തവണ സാക്ഷ്യം വഹിക്കുന്നത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി, ബദാമി എന്നീ രണ്ടു മണ്ഡലത്തില്‍ നിന്നുമാണ് ഇക്കുറി ജനവിധി തേടുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ് യെദ്യൂരപ്പ ശിക്കാരിപ്പുരയിലും ജനവിധി തേടുന്നു. ജനതാദള്‍ എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി രാമനഗരയിലാണ് മത്സര രംഗത്തുള്ളത്. മന്ത്രിമാരായ കെ.ജെ ജോര്‍ജ്ജ്, യു.ടി ഖാദര്‍, കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ദിനേഷ് ഗുണ്ടുറാവു, ബിജെപി നേതാക്കളായ മുന്‍ മുഖ്യമന്ത്രി ജഗദ്ദീശ് ഷട്ടാര്‍, ആര്‍. അശോക്, സോമശേഖര റെഡ്ഡി എന്നിവരാണ് മത്സര രംഗത്തെ മറ്റു പ്രമുഖര്‍.

224 നിയമസഭാ മണ്ഡലങ്ങളില്‍ 222 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗലൂരുവിലെ ആര്‍ ആര്‍ നഗറിലെയും ബിജെപി സ്ഥാനാര്‍ത്ഥിയായ ബി എന്‍ വിജയകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ജയനഗറിലെയും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

5.6 കോടി വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 2.56 കോടി പുരുഷ വോട്ടര്‍മാരും 2.50 കോടി സ്ത്രീ വോട്ടര്‍മാരുമാണ്. 15.42 ലക്ഷം പേരാണ് ഈ തിരഞ്ഞെടുപ്പിലൂടെ പുതുതായി തങ്ങളുടെ സമ്മതി ദാന അവകാശം വിനിയോഗിക്കുന്നത്. 56,696 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്.

3,56,552 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. 82,157 സുരക്ഷാ ഉദ്യോഗസ്ഥന്‍മാരെയും വിവിധ പോളിംഗ് ബുത്തകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇടിയും മിന്നലോടും കൂടിയ കനത്ത മഴയ്ക്ക് സംസ്ഥാനം കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷ്യം വഹിച്ചിരുന്നു. പ്രതികൂല കാലവസ്ഥ വോട്ടിംഗ് ശതമാനം കുറയ്ക്കുമോ എന്ന ആശങ്കയിലാണ് നേതാക്കള്‍. 71.45 ആയിരുന്നു കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനം.

LEAVE A REPLY

Please enter your comment!
Please enter your name here