അമിത് ഷായുടെ മൈസൂരിലെ പൊതുയോഗം ഇന്ന് ; കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണ്ണം

ബംഗലൂരു : അന്തര്‍ സംസ്ഥാന നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കര്‍ണ്ണാടകയില്‍ തുടരുന്നു. ‘കര്‍ണ്ണാടക രക്ഷണ വേദികെ’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.മഹാദായി നദിയിലെ ജലം ഗോവയുമായി പങ്കിടുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങളെ തുടര്‍ന്നാണ് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിരുത്തരവാദപരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് കര്‍ണ്ണാടക രക്ഷണ വേദികെ ആരോപിക്കുന്നു.ബംഗലൂരു നഗരത്തിലടക്കം ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. ബസ് സര്‍വീസുകള്‍ പൂര്‍ണ്ണമായും മുടങ്ങി കിടക്കുന്നു. എന്നാല്‍ മെട്രോ സര്‍വീസുകളെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. മാണ്ഡ്യ, ബംഗലൂരു മേഖലകളില്‍ വിദ്യാലയങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. അതേ സമയം ഉത്തര കര്‍ണ്ണാടകയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ഇതുവരെയായി സാരമായി ബാധിച്ചിട്ടില്ല.ബിജെപി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷായുടെ മൈസൂര്‍ സന്ദര്‍ശനത്തിന് തൊട്ടു മുമ്പായാണ് ഹര്‍ത്താല്‍ എന്നതും ശ്രദ്ധേയമാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ നയിക്കുന്ന പരിവര്‍ത്തന്‍ യാത്രയിലെ പൊതു യോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനാണ് അമിത് ഷാ ഇന്ന് മൈസൂരില്‍ എത്തുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് ശേഷമാണ് മൈസൂരില്‍ അമിത് ഷായുടെ പൊതുയോഗം.കൂടാതെ ഫെബ്രുവരി 4 ന് നരേന്ദ്ര മോദിയുടെ സംസ്ഥാന സന്ദര്‍ശന വേളയിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനുള്ള നീക്കങ്ങളിലാണ് കര്‍ണ്ണാടക രക്ഷണ വേദിക.

 

LEAVE A REPLY

Please enter your comment!
Please enter your name here