പൊലീസിന്റെ തൊപ്പി ക്യാച്ചെടുത്ത് രാഹുല്‍

കോലാര്‍ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആവേശത്തിമര്‍പ്പിലാണ് കര്‍ണാടക. തീപ്പാറുന്ന പോരാട്ടത്തിനാണ് സംസ്ഥാനം വേദിയാകുന്നത്. കോണ്‍ഗ്രസും ബിജെപിയും ജെഡിഎസുമെല്ലാം പ്രചരണരംഗത്ത് പൊടിപാറ്റി മുന്നേറുകയാണ്.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കര്‍ണാടകയില്‍ ക്യാംപ് ചെയ്താണ് പ്രചരണപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൊതുയോഗങ്ങളിലും റാലികളിലും റോഡ്ഷോകളിലുമെല്ലാം രാഹുലിന്റെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശമേകുന്നു.

അത്തരത്തില്‍ ഒരു റോഡ്ഷോയ്ക്കിടെയുണ്ടായ രസകരമായ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. കോലാര്‍ ജില്ലയിലായിരുന്നു റോഡ്‌ഷോ. റോഡിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയാണ് രാഹുല്‍.

തടിച്ചുകൂടിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പാടുപെടുകയാണ്. രാഹുലിനെ അടുത്തുകാണാനും തൊടാനും കൈകൊടുക്കാനുമൊക്ക പ്രവര്‍ത്തകര്‍ ത്രസിച്ച് ശ്രമിക്കുകയാണ്.

സുരക്ഷാ വലയത്തിലാണ് രാഹുല്‍ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നത്. എന്നാല്‍ ആള്‍ത്തിരക്കിനിടെ ഒരു പൊലീസുകാരന്റെ തൊപ്പി തലയില്‍ നിന്നുതിര്‍ന്നുപോകുന്നു. തൊട്ടുപുറികിലുണ്ടായിരുന്ന രാഹുല്‍ തൊപ്പി പിടിച്ചു.

തുടര്‍ന്ന് ആ പൊലീസുകാരന്റെ തലയില്‍ തന്നെ വെച്ചുകൊടുത്തു. തുടര്‍ന്ന് ഒന്നും സംഭവിച്ചില്ലെന്ന മട്ടില്‍ മുന്നോട്ടുപോയി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തുംകൂറിലെ റോഡ്‌ഷോയ്ക്കിടെയുണ്ടായ വിസ്മയകരമായ കാഴ്ചയുടെ ദൃശ്യങ്ങളും ജനപ്രീതി നേടിയിരുന്നു. രാഹുല്‍ തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മുന്നേറുന്നു.

അദ്ദേഹത്തിന് ചുറ്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഈ സമയം തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നൊരാള്‍ രാഹുലിന് നേര്‍ക്ക് ഒരു പൂമാലയെറിഞ്ഞു.

ആകാശത്തില്‍ ഉയര്‍ന്നുപൊങ്ങിയ മാല കൃത്യം രാഹുലിന്റെ കഴുത്തില്‍ പതിച്ചു. രാഹുല്‍ ഉടന്‍ പൂമാലയെടുത്ത് മാറ്റി അതുവന്ന ഭാഗത്തേക്ക് കൈവീശി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യവുമര്‍പ്പിച്ചു.

വാഹനത്തില്‍ രാഹുലടക്കം അഞ്ചാറ് പേരുണ്ടായിട്ടും ആ പൂമാല കൃത്യം അദ്ദേഹത്തിന്റെ കഴുത്തില്‍ തന്നെ പറന്നിറങ്ങി. ആ വിസ്മയക്കാഴ്ചയാണ് സോഷ്യല്‍ മീഡിയ കീഴടക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here