ജോര്‍ജിനും ഹാരിസിനും ഖാദറിനും ജയം

ബംഗളൂരു: കാവിക്കൊടി ആഞ്ഞുവീശിയ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മലയാളികളായ ജോര്‍ജിനും ഹാരിസിനും ഖാദറിനും ജയം.
സര്‍വഞ്ജനഗറില്‍ ബി.ജെ.പിയുടെ എം.എന്‍ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോര്‍ജ് വിജയം ഉറപ്പിച്ചത്. 38, 217 വോട്ട് ജോര്‍ജ് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.എന്‍ റെഡ്ഡിക്ക് 12,155 വോട്ട് മാത്രമാണ് ലഭിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവിലാണ് മികച്ച ഭൂരിപക്ഷത്തോടെ കെ ജെ ജോര്‍ജിന് വിജയമുറപ്പിക്കാന്‍ കഴിഞ്ഞത്. കോട്ടയം ചിങ്ങവനം സ്വദേശിയും മുന്‍ ആഭ്യന്തര മന്ത്രി കൂടിയാണ് ഇദ്ദേഹം.

മംഗളൂരു (ഉള്ളാള്‍) മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഭക്ഷ്യപൊതുവിതരണ മന്ത്രിയുമായ യു.ടി. ഖാദര്‍ വിജയിച്ചത്. തുടര്‍ച്ചയായി നാലാം തവണ ജയിച്ചപ്പോള്‍ ഭൂരിപക്ഷം 15000 വോട്ടുകളായി കുറഞ്ഞു. കഴിഞ്ഞ തവണ 29000 ആയിരുന്നു ഭൂരിപക്ഷം. യു.ടി ഖാദര്‍ 2007ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. പിതാവിന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ ഖാദര്‍ ചെറിയ കാലയളവിനുള്ളില്‍ തന്നെ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും സാന്നിദ്ധ്യം ഉറപ്പിക്കുകയായിരുന്നു.

ശാന്തിനഗര്‍ മണ്ഡലത്തില്‍നിന്നാണ് എന്‍ എ ഹാരിസ് വിജയിച്ചിരിക്കുന്നത്. 21530 വോട്ട് ഹാരിസ് നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ വാസുദേവ മൂര്‍ത്തിക്ക് ലഭിച്ചത് 18297 വോട്ടാണ്. കാസര്‍കോട് അടിവേരുകളുള്ള എന്‍.എ. ഹാരിസ് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ ഡോ. എന്‍.എ. മുഹമ്മദിന്റെ മകനാണ്. ശാന്തിനഗറിലെ സിറ്റിങ് എം.എല്‍.എ.യായ ഇദ്ദേഹത്തിന്റെ പേര് അവസാന ലിസ്റ്റിലാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ശാന്തിനഗറില്‍നിന്ന് രണ്ടുതവണ മത്സരിച്ച് ജയിച്ചയാളാണ് ഇദ്ദേഹം.

 

അതേസമയം ബൊമ്മനഹള്ളി മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച അനില്‍ കുമാറും ബെംഗളൂരുവിലെ ശാന്തിനഗറില്‍ എഎപി സ്ഥാനാര്‍ഥിയായി മത്സരിച്ച രേണുകാ വിശ്വനാഥനുമാണ് കര്‍ണാടക തിരഞ്ഞെടുപ്പില്‍ മത്സരിച്ച മറ്റ് രണ്ട് മലയാളികള്‍. ഇരുവരും പരാജയപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here