റെയ്ഡില്‍ പിടിച്ചെടുത്തത് 10.6 കോടി

ബംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇന്‍കം ടാക്‌സ് റെയ്ഡില്‍ കര്‍ണാടകയില്‍ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 10.6 കോടി രൂപ. പിഡബ്ല്യൂഡി കോണ്‍ട്രാക്ടര്‍മാരില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത തുക പിടിച്ചെടുത്തിരിക്കുന്നത്.

മൈസൂരു മേഖലയില്‍ നിന്നുള്ള നാല് കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് മാത്രം 6.7 കോടി രൂപ കണ്ടെടുത്തു. ഇതില്‍ മാരിസാമിയെന്നയാള്‍ സിദ്ധരാമയ്യ സര്‍ക്കാരുമായി അടുത്തുനില്‍ക്കുന്നയാളാണെന്ന് ആരോപണമുണ്ട്.

പൊതുമരാമത്ത് മന്ത്രി മഹാദേവപ്പയുമായി ഇയാള്‍ക്ക് അടുപ്പമുണ്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. പുതിയ നോട്ടുകളിലുള്ള തുകയാണ് ഇയാളില്‍ നിന്നടക്കം പിടിച്ചെടുത്തിരിക്കുന്നത്.

ഐടി വിഭാഗം വിവിധ കേന്ദ്രങ്ങളില്‍ രണ്ട് മാസത്തോളമായി റെയ്ഡ് തുടരുകയാണ്. സര്‍ക്കാരുമായി കരാറിലുള്ള മുഴുവന്‍ പൊതുമരാമത്ത് കോണ്‍ട്രാക്ടര്‍മാരുടെയും പട്ടിക വെച്ചാണ് പരിശോധന പുരോഗമിക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പാര്‍ട്ടികള്‍ വന്‍തോതില്‍ രഹസ്യ കേന്ദ്രങ്ങളില്‍ പണം സൂക്ഷിക്കുന്നതിനാലാണ് എടിഎമ്മുകളില്‍ ഉയര്‍ന്ന തുകയുടെ നോട്ടുകള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നതെന്ന് സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here