ചീറിപ്പായുന്ന ട്രെയിനിന് മുന്‍പില്‍ യുവാവിന്റെ സാഹസികത; വീഡിയോ കണ്ട് പ്രതികരിച്ചവരില്‍ മുന്‍മുഖ്യമന്ത്രിയും

ശ്രീനഗര്‍: സാഹസികതയുടെ പേരില്‍ പല അപകടങ്ങളിലും ചെന്ന് ചാടുകയാണ് ചിലര്‍. സാഹസിക വീഡിയോ എടുക്കാന്‍ വേണ്ടി ഇക്കൂട്ടര്‍ എന്തും കാണിക്കുന്ന സ്ഥിതിയാണ്. ജീവന്‍ പണയം വെച്ചാണ് ഇത്തരത്തിലുള്ള വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത്. ഇത്തരത്തിലൊരു സാഹസികതയ്ക്ക് മുതിര്‍ന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ഒരു കശ്മീരി യുവാവ് പോസ്റ്റ് ചെയ്തത്.
എന്നാല്‍ വൈറലായ ഈ വീഡിയോ കണ്ട് സോഷ്യല്‍ മീഡിയയില്‍ ഭൂരിപക്ഷവും കൈടിക്കുകയല്ല, നടപടി ആവശ്യപ്പെടുകയാണുണ്ടായത്. അവിവേകമാണെന്നാണ് കണ്ടവരില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. യുവാവിനും വീഡിയോ ചിത്രീകരിച്ചയാള്‍ക്കുമെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടവരില്‍ ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമുണ്ട്. യുവാവ് റെയില്‍വേ ട്രാക്കിന്റെ നടുവില്‍ കമിഴ്ന്ന് കിടക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തൊട്ടു പിന്നാലെ ചീറിപാഞ്ഞു വരുന്ന തീവണ്ടി. വണ്ടി കടന്നുപോയ ശേഷം ആവേശത്തോടെ യുവാവ് ചാടിയെഴുന്നേല്‍ക്കുന്നതുമാണ് വീഡിയോയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here