കത്വവാ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നാട് ഉപേക്ഷിച്ചു

ജമ്മു-കാശ്മീര്‍ :കത്വവയില്‍ പീഡനത്തിനിരയായ എട്ട് വയസ്സുകാരിയുടെ മാതാപിതാക്കള്‍ ജനിച്ച നാട്ടില്‍ നിന്നും പലായാനം ചെയ്തു. കത്വവായില്‍ നിന്നും 110 കിമി അകലെ ഉദംപൂരിലെ റോണ്ടോമെയിലിലാണ് ഇവരും കുടുംബാംഗങ്ങളും അടങ്ങുന്ന ചെറു സംഘം പലായനം ചെയ്‌തെത്തിയത്.

തങ്ങളുടെ ആടുകളും കുതിരകളുമായി ഒന്‍പത് ദിവസം നീണ്ട കാല്‍നട യാത്രയ്ക്ക് ശേഷമാണ് ഇവര്‍ രസാന ഗ്രാമം വിട്ടത്. ദിനം തോറും ചുറ്റുപാടില്‍ നിന്നും ഭീഷണി വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് തങ്ങള്‍ക്ക് ഇത്തരത്തില്‍ ചെയ്യേണ്ടി വന്നതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.

തങ്ങളുടെ മൃഗങ്ങളെയും വീടുകളെയും കത്തിക്കുമെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നത്. ഇതിനെ എങ്ങനെ ഞങ്ങള്‍ പ്രതിരോധിക്കും, ഞങ്ങള്‍ ബക്കര്‍വാലകളാണ്. ഇതാണ് ഞങ്ങളുടെ ഉപജീവന മാര്‍ഗ്ഗം. അവരെയും കൊന്നാല്‍ ഞങ്ങളും പട്ടിണി കിടന്ന് മരിക്കേണ്ടി വരും. ഇനി ഒരിക്കലും കത്വവയിലേക്ക് തിരിച്ച് പോകണമെന്ന് ആഗ്രഹമില്ല, പോയിട്ട് ഞങ്ങള്‍ എന്തു ചെയ്യാനാണ്, ഈ രാജ്യത്ത് മനുഷ്യത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കില്‍ എന്റെ മകളുടെ കൊലപാതകവും ആ കണ്ണിലൂടെ കാണുവാന്‍ സാധിക്കണം.

എനിക്ക് മാത്രമല്ല മകളെ നഷ്ടമായത്. എല്ലാത്തിലും ഉപരി അവള്‍ ഈ രാജ്യത്തിന്റെ മകള്‍ കൂടിയാണ്. മകളെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി പറഞ്ഞപ്പോള്‍ കാട്ടില്‍ പോയി അന്വേഷിക്കാനാണ് അവര്‍ തങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ എല്ലായിടത്തും പോയി അന്വേഷിച്ചു. ഒടുവില്‍ കാട്ടില്‍ നിന്നും എന്റെ മകളുടെ മൃതദേഹം കിട്ടി. വല്ല മൃഗങ്ങളും ആക്രമിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. നാട്ടുകാര്‍ തന്നെ തങ്ങളോട് ഈ വിധം ചെയ്യുമെന്ന് ഞങ്ങള്‍ കരുതിയില്ല.

ഒടുവില്‍ അവര്‍ തന്നെ ഇപ്പോള്‍ പ്രതികളെ പുറത്തിറക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുകയാണ്. പിന്നെ തങ്ങള്‍ എങ്ങനെ ആ നാട്ടില്‍ ജീവിക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here