കെജരിവാളിന്റെ സമരം മൂന്നാം ദിവസത്തിലേക്ക്

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് ലെഫ്റ്റന്റ് ഗവര്‍ണറുടെ ഓഫീസിനുള്ളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മറ്റു മൂന്ന് മന്ത്രിമാരും നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സത്യേന്ദ ജെയിന്‍, മനീഷ് സിസോദിയ, ഗോപാല്‍ റായ് എന്നീ മന്ത്രിമാരാണ് മുഖ്യമന്ത്രിയുടെ കൂടെ സമര രംഗത്തുള്ളത്.

ഇതില്‍ സത്യേന്ദ്ര ജയിന്‍ നിരാഹാര സമരമാണ് നടത്തുന്നത്.തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇവരുമായി കൂടിക്കാഴ്ച നടത്താന്‍ പോലും ഗവര്‍ണ്ണര്‍ അനില്‍ ബൈജാല്‍ തയ്യാറായിട്ടില്ല. ഡല്‍ഹിയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കും വികസനത്തിനും വേണ്ടിയാണ് തങ്ങളുടെ സമരമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രി ഗവര്‍ണറെ കണ്ട് ആവശ്യമുന്നയിച്ചതിനു ശേഷമാണ് ഗവര്‍ണറുടെ വസതിയിലെ സന്ദര്‍ശക മുറിയില്‍ കെജരിവാളും സംഘവും പ്രതിഷേധം ആരംഭിച്ചത്. ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന ഐഎഎസ് ഓഫീസര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുക, അവര്‍ക്കെതിരെ നടപടി സ്വീകരിക്കുക, റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

തന്റെ ആവശ്യങ്ങള്‍ ഗവര്‍ണര്‍ അംഗീകരിച്ച് ഒപ്പുവയ്ക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയംജനങ്ങള്‍ ഏല്‍പ്പിച്ച ജോലി ചെയ്യാതെ ജനാധിപത്യത്തെ പരിഹസിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here