നേട്ടങ്ങളുടെ നെറുകയില്‍ ഭാനു

കോഴിക്കോട് : ഈ മലയാള പെണ്‍കുട്ടിയെ തോല്‍പ്പിക്കാന്‍ അത്ര എളുപ്പമല്ല. കോഴിക്കോട് ജില്ലയിലെ വടകര, ഓര്‍ക്കാട്ടേരി സ്വദേശിനി മജിസിയ ഭാനുവാണ് തന്റെ നേട്ടങ്ങളിലൂടെ രാജ്യത്തിന്റെ പേര് വാനോളം ഉയര്‍ത്തി വാര്‍ത്തകളില്‍ ഇടം നേടുന്നത്.

കൊച്ചിയില്‍ നടന്ന മിസ്റ്റര്‍ കേരള ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വനിതാ ഫിസിക്കിനുള്ള സ്വര്‍ണ്ണ മെഡല്‍ നേടിയാണ് മജിസിയ അടുത്തിടെ വീണ്ടും ശ്രദ്ധ പിടിച്ച് പറ്റിയത്. മാഹി ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഡെന്റല്‍ സയന്‍സ് ആന്‍ഡ് ഹോസ്പിറ്റലിലെ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായ മജിസിയ ഇതുവരെ നിരവധി അന്താരാഷ്ട്ര, ദേശീയ മത്സരങ്ങളിലും സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

2017 ല്‍ ഇന്തോന്യേഷ്യയില്‍ വെച്ച് നടന്ന ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് വേണ്ടി വെള്ളി മെഡല്‍ നേടിയ താരം കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിലെ ഏറ്റവും കരുത്തുറ്റ വനിതയ്ക്കുള്ള അവാര്‍ഡിന് ഉടമയാണ്.

പവര്‍ ലിഫ്റ്റിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഭാനുവിനെ പ്രതിശ്രുത വരനാണ് ബോഡി ബില്‍ഡിംഗ് രംഗത്തേക്ക് ശ്രദ്ധ തിരിച്ച് വിട്ടത്. ഹിജാബ് അണിഞ്ഞ് കൊണ്ട് ബോഡി ബില്‍ഡിംഗ് ചെയ്യുവാന്‍ സാധിക്കുന്നതില്‍ താന്‍ ഏറെ അഭിമാനിക്കുന്നതായി ഭാനു പറയുന്നു.

ഒരു ത്യാഗം ചെയ്യുന്നത് പോലെ അണിയേണ്ട ഒന്നല്ല ഹിജാബെന്നും യുവതി പറയുന്നു. ബോഡി ബില്‍ഡിംഗില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കുക എന്നതാണ് ഈ 23 വയസ്സുകാരിയുടെ അടുത്ത സ്വപ്നം

സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ നിറഞ്ഞ പിന്തുണയുമായി തന്നോടൊപ്പം നില്‍ക്കുന്ന മാതാപിതാക്കളെയും പ്രതിശ്രുത വരനേയും ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നതായും യുവതി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here