കേരള ബജറ്റ് 2018 : മദ്യവില കൂടും

തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ബിയറിന്റെയും മദ്യത്തിന്റെയും നികുതി വര്‍ധിപ്പിച്ചു. 400 രൂപ വരെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് വില്‍പ്പന നികുതി 200 ശതമാനമാക്കി.

400 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 210 ശതമാനമായിരിക്കും വില്‍പ്പന നികുതി. ബിയറിന്റെ വില്‍പ്പന നികുതി 70 ല്‍ നിന്ന് 100 ശതമാനവുമാക്കും. നേരത്തെ ഈടാക്കിക്കൊണ്ടിരുന്ന സര്‍ചാര്‍ജ്, സാമൂഹ്യ സുരക്ഷാ സെസ് എന്നിവ എടുത്തുകളഞ്ഞാണ് വില്‍പ്പന നികുതിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയത്.

വിദേശമദ്യങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്തുന്നതുമൂലമുള്ള വരുമാനനഷ്ടം തടയാനും ബജറ്റ് പോംവഴി മുന്നോട്ട് വെയ്ക്കുന്നു. സര്‍ക്കാര്‍ നേരിട്ട് വിദേശ മദ്യങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് പദ്ധതി.

ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് വിദേശമദ്യങ്ങളുടെയും വൈനിന്റെയും ഇറക്കുമതി തീരുവയും കൂട്ടിയിട്ടുണ്ട്. വിദേശ മദ്യത്തിന് കെയ്‌സ് ഒന്നിന് 6000 രൂപ വരെ തീരുവ ചുമത്തും.

വൈന്‍ കെയ്‌സ് ഒന്നിന് 3000 രൂപയും നികുതി ചുമത്തി. സര്‍വീസ് ചാര്‍ജ്, അബ്കാരി ഫീസ് എന്നിവയും വര്‍ധിപ്പിച്ചിട്ടുണ്ട്. 60 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here