പ്രവാസി മലയാളി യുവതി കാറപകടത്തില്‍ മരണപ്പെട്ടു

അറ്റ്‌ലാന്റാ :വിനോദയാത്രയ്ക്കിടെ മലയാളി യുവതി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. അമേരിക്കയിലെ അറ്റ്‌ലാന്റയിലെ ബയോ ഐവിടി കമ്പനിയില്‍ ഏഷ്യന്‍ റീജിയന്‍ ബിസിനസ്സ് അനലിസ്റ്റായി ജോലി ചെയ്തിരുന്ന ആന്‍സി ജോസാണ് കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടത്. 43 വയസ്സായിരുന്നു.

തിരുവനന്തപുരം സ്വദേശിനിയാണ്. ഭര്‍ത്താവ് വിനോദ് ന്യൂയോര്‍ക്കിലെ ലോങ് ഐലന്റ് സര്‍വകലാശാലയിലെ വെബ് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടറാണ്. അന, ഇവ, നവോമി എന്നിവര്‍ മക്കളാണ്. ഇക്കഴിഞ്ഞ 24 ാം തീയതി മക്കളുമൊത്ത് കരോലിനയിലെ ബീച്ചിലേക്ക് വിനോദയാത്രയ്ക്കായി കാറോടിച്ച് പോകവെയായിരുന്നു അപകടം.

ആന്‍സി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അഗസ്തയില്‍ വെച്ചായിരുന്നു അപകടം. യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മൂന്ന് മക്കളില്‍ നവോമിക്കും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നവോമി ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. അനയുടെയും ഇവയുടെയും പരിക്ക് സാരമുള്ളതല്ല. ജൂണ്‍ അഞ്ചിന് ഔദ്യോഗിക യാത്രയുടെ ഭാഗമായി ആന്‍സി നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടയിലാണ് മരണം യുവതിയുടെ ജീവന്‍ കവര്‍ന്നത്. ആന്‍സിയും വിനോദും ഏറെ നാളുകളായി അമേരിക്കയില്‍ സ്ഥിര താമസമാക്കിയവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here