ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതിഷേധാഗ്നി

പാലക്കാട് : അട്ടപ്പാടി മുക്കാലിയില്‍ മധുവെന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധാഗ്നിയാളുന്നു. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുംവരെ അഗളി പൊലീസ് സ്റ്റേഷന് മുന്‍പില്‍ രാപ്പകല്‍ സമരം ആരംഭിക്കുമെന്ന് അട്ടപ്പാടി ആദിവാസി സംരക്ഷണ സമിതി വ്യക്തമാക്കി.

അതേസമയം സമരം ഒഴിവാക്കാന്‍ നേതാക്കളുമായി പൊലീസ് ആശയ വിനിമയം നടത്തുകയാണ്. അട്ടപ്പാടി ഡിവൈഎസ്പി പികെ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതലയെന്ന് എസ്പി അറിയിച്ചു. അതേസമയം മന്ത്രി എകെ ബാലന്‍ കേസില്‍ മജിസ്റ്റീരിയല്‍ തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ക്കാണ് ചുമതല. മന്ത്രി ശനിയാഴ്ച അട്ടപ്പാടിയിലെത്തും. മധുവിനെ ആക്രമിച്ച ഒരാളും രക്ഷപ്പെടില്ലെന്നും കുടുംബത്തിന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മോഷണക്കുറ്റമാരോപിച്ച് മധുവിനെ വിചാരണ നടത്തി ആക്രമിച്ചതില്‍ 15 പേര്‍ ഉള്‍പ്പൈട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

രണ്ട് പേരുടെ അറസ്റ്റാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. മുക്കാലി പാക്കുളത്തെ വ്യാപാരി കെ ഹുസൈന്‍, സംഘത്തിലുണ്ടായിരുന്ന പി പി കരീം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5 പേര്‍ കൂടി കസ്റ്റഡിയിലുണ്ട്. അതേസമയം മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കവെ സമരക്കാര്‍ ആംബുലന്‍സ് തടഞ്ഞിരുന്നു.

അക്രമികളെ മുഴുവന്‍ അറസ്റ്റ് ചെയ്ത ശേഷം മതി പോസ്റ്റ്‌മോര്‍ട്ടമെന്നായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് ഇവരുമായി പൊലീസ് മധ്യസ്ഥ ചര്‍ച്ച നടത്തിയതോടെയാണ് ആംബുലന്‍സിന് കടന്നുപോകാനായത്. വൈകീട്ടോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാകും.

വ്യാഴാഴ്ച ഉച്ചയോടെ അട്ടപ്പാടി മുക്കാലിക്ക് സമീപമാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. മുക്കാലിക്കടുത്ത് വനാതിര്‍ത്തിയില്‍ ചാക്കില്‍ അരിയുമായി കണ്ട മധുവിനെ ചിലര്‍ തടഞ്ഞുനിര്‍ത്തി വിചാരണ നടത്തുകയായിരുന്നു. ഉടുതുണി കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടിയായിരുന്നു ചോദ്യം ചെയ്യലും മര്‍ദ്ദനവും. മുക്കാലി ജംഗ്ഷനില്‍വെച്ചായിരുന്നു പരസ്യ വിചാരണ.

മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയവര്‍ മൊബൈലില്‍ ദൃശ്യങ്ങളും സെല്‍ഫികളും പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 27 കാരനെ പൊലീസിന് കൈമാറി. എന്നാല്‍ ഛര്‍ദ്ദിച്ച് അവശനായ മധുവിനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Prasad Udumbisseryさんの投稿 2018年2月22日(木)

LEAVE A REPLY

Please enter your comment!
Please enter your name here