തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എത്ര ഉന്നതര്‍ ആയാലും കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ശബരിനാഥ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബ്രിട്ടീഷ് ഭരണകാലത്തെ ജീര്‍ണത തുടരുന്നത് ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിലെ ദാസ്യപ്പണിയെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെക്കൊണ്ട് വീട്ടു ജോലി ചെയ്യിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് ശബരീനാഥ് എംഎല്‍എ നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടുപണി ചെയ്യേണ്ടതില്ലെന്ന് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷനും പോലീസുകാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഉന്നതോദ്യോഗസ്ഥരുടെ വീടുകളില്‍ ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായുള്ള കൂടുതല്‍ പരാതികള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം സംബന്ധിച്ച് യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉന്നത പോലീസുദ്യോഗസ്ഥരുടെകൂടെ നിര്‍ത്തിയിരിക്കുന്ന പോലീസുകാരെ തിരിച്ചുവിളിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വീടുകളിലും ക്യാമ്പ് ഓഫീസുകളിലും ജോലിചെയ്യുന്നവരുടെ കണക്കെടുപ്പ് നടത്തുന്നുണ്ട്. അതേസമയം ഡിജിപിയുടെ ഉത്തരവില്ലാതെ 725 പൊലീസുകാര്‍ മറ്റ് ഡ്യൂട്ടികള്‍ ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതില്‍ 222 പേര് ജോലി ചെയ്യുന്നത് സേനയ്ക്ക് പുറത്താണ്.
രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മിക്കവരും ജോലി ചെയ്യുന്നത്. പൊലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടികയിലാണ് ഇക്കാര്യങ്ങളുള്ളത്. തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാമ്പില്‍ നിന്ന് മാത്രം 45 പേരെ ദാസ്യപ്പണിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ 14 പേരുടെ നിയമനം ഒരു ഉത്തരവ് പോലുമില്ലാതെയാണ്. വാക്കാല്‍ നിര്‍ദേശപ്രകാരവും നിയമനം നടന്നിട്ടുണ്ട്.
വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ദാസ്യപ്പണി ചെയ്യുന്നത് 18 പേരാണ്. മുന്‍ ഐജി ലക്ഷ്മണയ്ക്കൊപ്പം നാല് പേരാണ് ജോലി ചെയ്യുന്നത്. പൊലീസിന് പുറത്ത് ജോലി ചെയ്യുന്ന ഐപിഎസുകാര്‍ക്കൊപ്പം 16 പേര് ദാസ്യപ്പണിയെടുക്കുന്നു.അതിനിടെ ക്യാംപ് ഫോളോവേഴ്സിന്റെ കണക്കെടുപ്പ് തുടങ്ങിയതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ജോലി ചെയ്യിപ്പിച്ചിരുന്ന ക്യാംപ് ഫോളോവേഴ്സിനെ മടക്കി അയക്കാന്‍ തുടങ്ങിയതായി വിവരം പുറത്തുവന്നു. ക്യാംപ് ഫോളോവേഴ്സിന്റെ വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്നായിരുന്നു പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി ആനന്ദകൃഷ്ണന് സര്‍ക്കുലര്‍ നല്‍കിയത്.
ക്യാംപ് ഫോളോവേഴ്സ് അസോസിയേഷനാണ് കണക്കെടുപ്പ് നടത്തിയത്. ഹൗസ് ഡ്യൂട്ടിക്കെന്ന പേരിലാണ് ക്യാംപ് ഫോളോവേഴ്സിനെ ചട്ടം ലംഘിച്ച് വകമാറ്റിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുന്‍പ് വിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും രാത്രി വൈകിയും കണക്കെടുപ്പ് തുടര്‍ന്നു. എഡിജിപി സുദേഷ് കുമാറിന്റെ വീട്ടില്‍ പൊലീസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തെ തുടര്‍ന്നാണ് കീഴുദ്യോഗസ്ഥരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതായ വാര്‍ത്ത പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് സുദേഷ് കുമാറിനെ സായുധ സേനാ മേധാവി സ്ഥാനത്തു നിന്ന് നീക്കി, ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപി ആനന്ദകൃഷ്ണന് അധിക ചുമതല നല്കി. സുദേഷ് കുമാറിന് പുതിയ പദവി ഉടന്‍ നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം.