സന്തോഷ് ട്രോഫി കേരളത്തിന്

കൊല്‍ക്കത്ത :ആവേശകരമായ മത്സരത്തില്‍ ബംഗാളിനെ തകര്‍ത്ത് കേരളത്തിന്റെ ചുണക്കുട്ടികള്‍ സന്തോഷ് ട്രോഫി കൈപ്പിടിയിലാക്കി. ഇത് ആറാം തവണയാണ് കേരളം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നത്.

ഭാഗ്യം നിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ഒടുവില്‍ കിരീടം കേരളത്തെ തേടിയെത്തുകയായിരുന്നു. 4-2 നാണ് കേരളത്തിന്റെ തകര്‍പ്പന്‍ വിജയം. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ബംഗാളിനെ മികച്ച പ്രതിരോധത്തിലൂടെ പിടിച്ച് കെട്ടാനായാതാണ് കേരളത്തിന്റെ വിജയത്തില്‍ മുതല്‍ക്കൂട്ടായത്.

മത്സരത്തില്‍ ആദ്യം ഗോള്‍ വല കുലുക്കിയത് കേരളമായിരുന്നു. പത്തൊമ്പതാം മിനുട്ടില്‍ എംഎസ് ജിതിന്റെ കാലിലൂടെയായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ മടക്കാന്‍ ബംഗാള്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതിനിടയില്‍ ലീഡ് നില കൂട്ടാന്‍ കേരളത്തിനേയും അവസരങ്ങള്‍ തേടിയെത്തി. എന്നാല്‍ ഒന്നും ഫലവത്തായില്ല.

69 ാമത്തെ മിനുട്ടില്‍ ജിതന്‍ മര്‍മ്മുവിലൂടെ ബംഗാള്‍ സമനില ഗോള്‍ സ്വന്തമാക്കി. കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോളുകളും നേടി സമനിലയിലായതിനെ തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. ഇവിടേയും ആദ്യ ഗോള്‍ നേടിയത് കേരളമാണ്. ബിപിന്‍ തോമസിന്റെ കാലില്‍ നിന്നും തൊടുത്ത പന്ത് ഗോള്‍ വലയം ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ കേരളം എക്‌സ്ട്രാ ടൈമില്‍ ലീഡ് നേടി.

നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നേടിയ ഈ ഗോള്‍ കേരളാ ആരാധകര്‍ക്ക് നല്‍കിയ ആവേശം ചില്ലറയായിരുന്നില്ല. കേരളാ ക്യാംപ് വിജയമുറപ്പിച്ച നിമിഷങ്ങള്‍. എന്നാല്‍ പതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ബംഗാളിന്റെ തീര്‍ത്ഥാങ്കര്‍ സരാങ്കര്‍ അവസാന നിമിഷങ്ങളില്‍ കേരളത്തിന്റെ ഗോള്‍ വല കുലുക്കി. തുടര്‍ന്ന് ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയ മത്സരം 4-2 ന് കേരളം സ്വന്തമാക്കുകയായിരുന്നു. സന്തോഷ് ട്രോഫിയുടെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും ആവേശകരമായ മത്സരമായി ഒരു പക്ഷെ ഈ മത്സരം വിലയിരുത്തപ്പെട്ടേക്കാം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here