പരിക്കേറ്റ വൃദ്ധയെ തിരിഞ്ഞ് നോക്കാത്ത കേരളം

തിരുവനന്തപുരം :അപകടത്തില്‍ പരിക്കേറ്റ വൃദ്ധ ആരും തിരിഞ്ഞ് പോലും നോക്കാനില്ലാതെ 15 മിനുട്ടോളം നടുറോഡില്‍ കിടന്നു. തലസ്ഥാന നഗരിയായ തിരുവന്തപുരത്തെ കടയ്ക്കാവൂരില്‍ ചൊവാഴ്ച രാവിലെ 10.15 ഓടെയാണ് സംഭവം അരങ്ങേറുന്നത്.

65 വയസ്സുകാരിയായ ഫിലോമിനയാണ് ആരും സഹായിക്കാന്‍ പോലുമില്ലാതെ മിനുട്ടുകളോളം തിരക്കുള്ള റോഡിന് അരികില്‍ കിടന്നത്. കടയ്ക്കാവൂര് ബൈപ്പാസിന് സമീപത്തായുള്ള തിരക്കുള്ള റോഡില്‍ വെച്ചാണ് വൃദ്ധയ്ക്ക് അപകടം പറ്റുന്നത്. റോഡരികില്‍ കൂടി സഞ്ചരിക്കവെ അമിത വേഗതയില്‍ വന്ന ഒരു ബൈക്ക് ഫിലോമിനയെ ഇടിച്ചിടുകയായിരുന്നു.

ബൈക്കില്‍ ആ സമയം മൂന്ന് പേരുണ്ടായിരുന്നു. വൃദ്ധയെ ഇടിച്ചിട്ടതിന് ശേഷം യുവാക്കള്‍ ബൈക്ക് നിര്‍ത്താതെ മുന്നോട്ടെടുത്തു. തുടര്‍ന്ന് 15 മിനുട്ടോളം ഫിലോമിന സഹായിക്കാനാരുമില്ലാതെ റോഡരികില്‍ കിടന്നു. അതു വഴി വന്ന ഓട്ടോറിക്ഷയും കാറുമടക്കമുള്ള വാഹനങ്ങളില്‍ സഞ്ചരിച്ച യാത്രക്കാര്‍ ആരും തന്നെ വൃദ്ധയെ ഒന്ന് ശ്രദ്ധിക്കാന്‍ പോലും കൂട്ടാക്കിയില്ല.

അവസാനം പൊലീസ് എത്തിയാണ് വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്. യാത്രക്കാരാരും തിരിഞ്ഞ് നോക്കാതെ വഴിയരികില്‍ നിസ്സഹായായി കിടക്കുന്ന വൃദ്ധയുടെ വീഡിയോ അത്യന്തം ഞെട്ടലോടെയാണ് സാക്ഷര കേരളമെന്ന് ഊറ്റം കൊള്ളുന്ന മലയാളി സമൂഹം നോക്കി കാണുന്നത്. മനുഷ്യത്വം അല്‍പ്പം പോലും തൊട്ട് തീണ്ടാത്ത ഒരു നാടായി കേരളം മാറുകയാണോ എന്ന സംശയവും ഈ ദൃശ്യങ്ങള്‍ ഒരോ മലയാളിയോടും ചോദിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here