കെവിന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് സുഖവാസം

ഏറ്റുമാനൂര്‍ :കെവിന്‍ കൊലപാതക കേസിലെ പ്രതികള്‍ക്ക് പൊലീസ് കാവലില്‍ സുഖവാസം. പ്രതികളിലൊരാള്‍ പൊലീസ് നോക്കിനില്‍ക്കെ വാനിനുള്ളിലിരുന്ന് ബന്ധുക്കളുമായി ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വളപ്പില്‍ വെച്ചാണ് പൊലീസുകാരുടെ ഭാഗത്ത് നിന്നും ഈ ഗുരുതര കൃത്യവിലോപം ഉണ്ടായത്.

പ്രതികളെ കോടതിയില്‍ ഹാജരാക്കുവാന്‍ കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. കേസിലെ പ്രധാന പ്രതികളിലൊരാളായ ഷെഫിനാണ് വാനിനടുത്തെത്തിയ ഒരു യുവതിയുടെ കയ്യിലെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബന്ധുക്കളെ ഫോണ്‍ ചെയ്ത് സംസാരിച്ചത്. വാന്‍ കോടതി വളപ്പില്‍ നിര്‍ത്തിയിട്ട സമയത്തായിരുന്നു യുവതി വാഹനത്തിനടുത്തേക്ക് വന്നത്.

പൊലീസുകാര്‍ തൊട്ടടുത്ത് തന്നെ നോക്കിനില്‍പ്പുണ്ടായിരുന്നു. ഒരു യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് തങ്ങള്‍ പിടിക്കപ്പെട്ടതെന്നതിന്റെ യാതോരു കുറ്റബോധവുമില്ലാതെ വളരെ സന്തോഷവാന്‍മാരായിട്ടായിരുന്നു പ്രതികള്‍ കാണപ്പെട്ടത്.

അനീഷിനേയും കെവിനേയും തട്ടിക്കൊണ്ട് പോകുവാന്‍ ഉപയോഗിച്ച ഇന്നോവ
കാര്‍ മഴ കൊള്ളാതെ സൂക്ഷിക്കണമെന്നും പ്രതികള്‍ പൊലീസിനോട് പറയുന്നത് കേള്‍ക്കാമായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ തെളിവെടുപ്പിനായി 13 വരെ കസ്റ്റഡിയില്‍ നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here