തിരുവനന്തപുരം : കെവിന് ജോസഫിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അന്തിമ റിപ്പോര്‍ട്ടിലാണ് മരണകാരണത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. അക്രമിസംഘത്തില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെ കെവിന് വെള്ളത്തില്‍ വീണതാകാമെന്നാണ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണസംഘം എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം.
റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ ഡോക്ടര്‍മാരില്‍ നിന്ന് അന്വേഷണം സംഘം ഏറ്റുവാങ്ങി. മൃതദേഹപരിശോധനയിലെ കണ്ടെത്തലുകള്‍ വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. കൂടാതെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലവും ലഭിക്കേണ്ടതുണ്ട്.
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയത്.
എന്നാല്‍ അടുത്ത ദിവസം യുവാവിന്റെ മൃതദേഹം തെന്മലയ്ക്കടുത്ത് തടാകത്തില്‍ കണ്ടെത്തുകയായിരുന്നു. നീനുവിന്റെ സഹോദരന് ഷാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ ജോണ്‍ അഞ്ചാം പ്രതിയുമാണ്.