കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നട്ടാശേരി എസ്.എച്ച് മൗണ്ട് പിലാത്തറ കെവിന്‍.പി. ജോസഫിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നട്ടാശേരിയിലെ വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിൽ നിന്ന്​​ പോസ്​റ്റ്​ മോർട്ടം പൂർത്തിയാക്കിയ ശേഷം വിലാപയാത്രയായാണ്​ മൃതദേഹം വീട്ടിലെത്തിച്ചത്​.

വൻ ജനക്കൂട്ടത്തിനെ സാക്ഷിയാക്കി മൃതദേഹം വീട്ടിലെത്തിയപ്പോൾ വികാര നിർഭരമായ രംഗങ്ങൾ അരങ്ങേറി. മൃതദേഹം വച്ചിരിക്കുന്ന പെട്ടിക്കു മുകളിലേക്ക് അലമുറയിട്ട് വീണ നീനുവിനെ പിടിച്ച് മാറ്റാന്‍ കെവിന്റെ പിതാവ് നന്നേ പണിപ്പെട്ടു.

കെവിന്റെ മാതാവും സഹോദരിയും ദുഖം സഹിക്കാനാനാവാതെ അലമുറയിടുന്നുണ്ടായിരുന്നു. കെവിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം 2.30 ഓടെ സംസ്‌കാര ശുശ്രൂഷ ആരംഭിക്കും. 3.30 ഓടെ കലക്ടറേറ്റിന് സമീപമുള്ള ഗുഡ് ഷെപ്പേര്‍ഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.

ഇതിനിടെ മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കു മുന്നില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. ശക്തമായ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. വിവിധ സംഘടനകളുടെ പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here