കോട്ടയത്ത് ഹര്‍ത്താല്‍ ആരംഭിച്ചു

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കോട്ടയം എസ്എച്ച് മൗണ്ട് സ്വദേശി കെവിന്‍ ജോസഫിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് യുഡിഎഫും ബിജെപിയും ബിഎസ്പിയും നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.

പാല്‍, പത്രം, വിവാഹം, അടിയന്തര ആവശ്യങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച കെവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറുന്ന മൃതദ്ദേഹം കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ദേവാല സെമിത്തേരിയില്‍ സംസ്‌കരിക്കും.

മൃതദേഹം 3 മണിവരെ പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 9 മണിക്കാണ് പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കുക . കോട്ടയം മെഡിക്കല്‍ കോളെജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. നടപടികള്‍ പൂര്‍ണമായും ക്യാമറയില്‍ പകര്‍ത്തും.

അതേസമയം കെവിന്റെ കൊലപാതകത്തില്‍ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയ്ക്കും അമ്മ രഹ്നയ്ക്കും പങ്കുണ്ടെന്ന് സൂചന. മാതാപിതാക്കളുടെ അറിവോടെയാണ് മൂന്നു വാഹനങ്ങളിലായി ക്വട്ടേഷന്‍ സംഘം കോട്ടയം മാന്നാനത്തെ വീട്ടില്‍ എത്തി കെവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസും സൂചിപ്പിക്കുന്നത്.

അമ്മയും അച്ഛനും വാഹനത്തിലുണ്ടായിരുന്നു. സഹോദരന്‍ ഷാനു ചാക്കോയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയാസ്, റിയാസ് എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ ലഭിച്ചത്.

നീനുവിന്റെ അമ്മവഴിയുള്ള ബന്ധുക്കളാണിവര്‍. നാല് ദിവസമായി നീനുവിന്റെ മാതാപിതാക്കള്‍ കോട്ടയത്താണ്. ഇവരില്‍ നിന്ന് മൊഴിയെടുക്കുമെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോകണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here