ഷാനു ചാക്കോവും പിതാവും പിടിയില്‍

കണ്ണൂര്‍ :പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മര്‍ദ്ദനത്തിരയായി മരണപ്പെട്ട കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികള്‍ പിടിയില്‍. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, പിതാവ് ചാക്കോ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇതില്‍ സഹോദരന്‍ ഷാനു ചാക്കോവാണ് കേസിലെ ഒന്നാം പ്രതി. പിതാവ് ചാക്കോ അഞ്ചാം പ്രതിയാണ്.

കണ്ണൂരില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഇരുവരും പൊലീസില്‍ കീഴടുങ്ങുകയായിരുന്നു. പ്രതികളെ കോട്ടയത്ത് എത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യും. അതിനിടെ കെവിന്റെ പുഴയില്‍ മുങ്ങിമരിച്ചതാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. കെവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ നിരവധി പരിക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവ മരണ കാരണമായിട്ടില്ലായെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മര്‍ദ്ദനത്തിന് ശേഷം അക്രമകാരികള്‍ യുവാവിനെ വെള്ളത്തില്‍ ഇട്ടതോ, ഗുണ്ടകള്‍ ഓടിച്ചപ്പോള്‍ വെള്ളത്തില്‍ വീണതോ ആകാമെന്നാണ് പ്രാഥമിക നിഗമനം. ആന്തരിക അവയവങ്ങളുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളു. ഇന്നലെ അക്രമി സംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. കെവിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന നിയാസ്, റിയാസ്,ഇഷാന്‍ എന്നിവരാണ് പിടിയിലായത്.

തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 5 ആയി. മൊത്തം 13 പേര്‍ ഈ സംഘത്തിലുണ്ടായിരുന്നതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള ഊര്‍ജ്ജിതമായ തിരച്ചലിലാണ് പൊലീസ് സംഘം.

കോട്ടയം സ്വദേശിയും 23 കാരനുമായ കെവിന്‍ പി ജോസഫിന്റെ മൃതദേഹം തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലായിരുന്നു കണ്ടെത്തിയത്. നീനുവെന്ന് പെണ്‍കുട്ടിയുമായി കെവിന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. മറ്റൊരു വിവാഹത്തിന് ബന്ധുക്കള്‍ നീക്കം നടത്തിയതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോയി. ഇതിനെ തുടര്‍ന്നാണ് നീനുവിന്റെ സഹോദരനും മറ്റു ബന്ധുക്കളും ചേര്‍ന്ന് കെവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here