കെവിന്‍ കൊലപാതകം ;മൂന്ന് പേര്‍ പിടിയില്‍

കോട്ടയം :പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് യുവാവ് ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ മൂന്ന് പ്രതികള്‍ പിടിയിലായതായി സൂചന. കെവിനെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന നിയാസ്, റിയാസ്,ഇഷാന്‍ എന്നിവരാണ് പിടിയിലായത്.

തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മൊത്തം 13 പേര്‍ ഈ സംഘത്തിലുണ്ടായിരുന്നതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് വേണ്ടിയുള്ള ഊര്‍ജ്ജിതമായ തിരച്ചലിലാണ് പൊലീസ് സംഘം.

അതേസമയം കെവിന്റെ കൊലപാതകം ക്വൊട്ടേഷന്‍ ആണെന്ന് സുഹൃത്ത് അനീഷ് ആരോപിച്ചു. അനീഷിന്റെ വീട്ടില്‍ ഒളിച്ച് താമസിക്കുന്നതിനിടെയാണ് കെവിനെ ഗുണ്ടകള്‍ വന്ന് പിടിച്ച് കൊണ്ടു പോയത്. അനീഷിനേയും ഇവര്‍ പിടിച്ച് കൊണ്ടു പോയിരുന്നെങ്കിലും ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

കെവിനെ പിടിച്ച് കൊണ്ട് ചെന്നാല്‍ ഒന്നരലക്ഷം രൂപ നല്‍കാമെന്ന് ആരോ പറഞ്ഞതായി സംഘത്തിലുള്ളവര്‍ അന്യോനം പറയുന്നുണ്ടായിരുന്നതായി അനീഷ് മൊഴി നല്‍കിയിട്ടുണ്ട്.

കോട്ടയം സ്വദേശിയും 23 കാരനുമായ കെവിന്‍ പി ജോസഫിന്റെ മൃതദേഹം തെന്‍മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലായിരുന്നു കണ്ടെത്തിയത്. നീനുവെന്ന് പെണ്‍കുട്ടിയുമായി കെവിന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു.

മറ്റൊരു വിവാഹത്തിന് ബന്ധുക്കള്‍ നീക്കം നടത്തിയതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോയി. ഇതിനെ തുടര്‍ന്നാണ് നീനുവിന്റെ സഹോദരനും മറ്റു ബന്ധുക്കളും ചേര്‍ന്ന് കെവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here