കാറിനുള്ളില്‍ അകപ്പെട്ട കുട്ടി മരണപ്പെട്ടു

ഭോപ്പാല്‍ :പൂട്ടി കിടന്ന കാറിനുള്ളില്‍ അധ്യാപകരുടെ അശ്രദ്ധ കാരണം നാല് മണിക്കുറോളം അകപ്പെട്ട കുട്ടി മരണപ്പെട്ടു. ഭോപ്പാലിലെ ഹൊസങ്കാബാദിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹൊസങ്കാബാദ് സ്വദേശിയായ അറ് വയസ്സുള്ള നൈതിക് ഗൗറാണ് ദാരുണമായ സംഭവത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. മാര്‍ച്ച് 19 ാം തീയതിയായിരുന്നു കുട്ടിയുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. സ്‌കൂള്‍ അധികൃതരുടെയും അധ്യാപകരുടെയും അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിലേക്ക് വഴിവെച്ചതെന്ന് പിതാവ് സുരേന്ദ്ര ഗൗര്‍ ആരോപിച്ചു.

വീടിനടുത്തുള്ള സ്വകാര്യ സ്‌കൂളിലാണ് നൈതിക് പഠിച്ചിരുന്നത്. രാവിലെ സ്‌കൂള്‍ ഡയരക്ടറുടെ കാറിലാണ് കുട്ടി സ്‌കൂളിലേക്ക് പോയത്. കാറില്‍ ഏതാനും
അധ്യാപകരുമുണ്ടായിരുന്നു.

സ്‌കൂളിലെത്തിയ നൈതിക് കാറില്‍ നിന്ന് ഇറങ്ങാന്‍ വിമുഖത കാണിച്ചു. ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ ഡയരക്ടര്‍ കുട്ടിയെ കുറച്ച് കഴിഞ്ഞ് തുറന്ന് വിടണമെന്ന്
ടീച്ചറോട് നിര്‍ദ്ദേശിച്ച് കാര്‍ ലോക്ക് ചെയ്തു പോയി. എന്നാല്‍ അധ്യാപിക ഇക്കാര്യം മറന്ന് പോയതാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് സുരേന്ദ്ര ഗൗര്‍ ആരോപിക്കുന്നു. ശ്വാസ വായു ലഭിക്കാതെ അബോധാവസ്ഥയിലായ കുട്ടിയെ നാല് മണിക്കൂറിന് ശേഷമാണ് കാറിനുള്ളില്‍ നിന്നും അധികൃതര്‍ പുറത്തെടുക്കുന്നത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ കുട്ടി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here