ഗൗരിയെ കൊന്നത് മതവിശ്വാസം രക്ഷിക്കാനെന്ന് പ്രതി

ബംഗളൂരു : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളിയുടെ നിര്‍ണ്ണായക മൊഴി പുറത്ത്. പരശുറാം വാഗ്മര്‍ എന്ന പ്രതിയുടെ കുറ്റസമ്മത മൊഴിയാണ് വെളിപ്പെട്ടിരിക്കുന്നത്.

‘എന്റെ മതവിശ്വാസം രക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് അവര്‍ പറഞ്ഞു. ഞാന്‍ അത് സമ്മതിക്കുകയും പ്രാവര്‍ത്തികമാക്കുകയുമായിരുന്നു. ആരെയാണ് കൊല്ലുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഇപ്പോള്‍ അതില്‍ എനിക്ക് പശ്ചാത്താപമുണ്ട്’. ഇങ്ങനെയാണ് കൊലപാതക കാരണത്തെക്കുറിച്ച് വാഗ്മര്‍ പൊലീസിന് മൊഴി നല്‍കിയത്.

കൊലയ്ക്ക് രണ്ട് ദിവസം മുന്‍പാണ് ബംഗളൂരുവില്‍ എത്തിയത്. എയര്‍ഗണ്‍ ഉപയോഗിക്കുന്നതിന് ബെല്‍ഗാവിയില്‍ നിന്ന് പരിശീലനം നേടിയിരുന്നു. സെപ്റ്റംബര്‍ മൂന്നിന് ബംഗളൂരുവിലെത്തി.

ഒരാള്‍ തന്നെ ബൈക്കില്‍ കൊണ്ടുപോയി ഗൗരിയുടെ വീട് കാണിച്ചുതന്നു. പിറ്റേന്ന് വേറൊരാള്‍ ബൈക്കില്‍ ഗൗരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. അന്നുതന്നെ കൊല്ലാനായിരുന്നു പദ്ധതി. പക്ഷേ അപ്പോഴേക്കും അവര്‍ വീടിനുള്ളില്‍ പ്രവേശിച്ചിരുന്നു.

എന്നാല്‍ പിറ്റേന്ന് കൃത്യസമയത്ത് വീടിന് അടുത്തെത്തി. തുടര്‍ന്ന് ഗൗരിക്ക് നേരെ നാലുതവണ വെടിയുതിര്‍ത്തു. തുടര്‍ന്ന് രക്ഷപ്പെടുകയുമായിരുന്നു. എന്നാല്‍ പ്രത്യേക അന്വേഷണസംഘം ഇയാളുടെ മൊഴി പൂര്‍ണ്ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ഇദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here