ഗെയിം ടാസ്‌കിനിടെ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

ബംഗളൂരു : മലയാളി വിദ്യാര്‍ത്ഥി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയും ബിടെക് വിദ്യാര്‍ത്ഥിയുമായ മിഥുന്‍ ഘോഷ് ആണ് മരിച്ചത്. മിഥുന്‍ സഞ്ചരിച്ച ബൈക്ക് ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലയാളി ഗെയിമിന്റെ ടാസ്‌ക് പൂര്‍ത്തിയാക്കാനായുള്ള ബൈക്ക് റൈഡിലായിരുന്നു മിഥുനെന്ന കാര്യം വ്യക്തമായത്. അയണ്‍ ബട്ട് അസോസിയേഷന്‍ എന്ന ഓണ്‍ലൈന്‍ ഗെയിം കൂട്ടായ്മയിലെ അംഗമാണ് മിഥുന്‍.

കോയമ്പത്തൂരിലേക്ക് എന്നു പറഞ്ഞ് ഇന്നലെ രാത്രിയാണ് മിഥുന്‍ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ബൈക്കില്‍ പാലക്കാട് നിന്ന് ബാംഗ്ലൂരിലേക്കും അവിടെ നിന്ന് ഹൂബ്ലിയിലേക്കും പോവുകയായിരുന്നു ഗെയിം പ്രകാരമുള്ള ടാസ്‌ക്.

24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്ററായിരുന്നു താണ്ടാനുണ്ടായിരുന്നത്. ബൈക്ക് യാത്ര തുടങ്ങുമ്പോള്‍ മിഥുന്‍ വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. യാത്ര തുടങ്ങുമ്പോഴത്തെയും അവസാനിക്കുമ്പോഴത്തെയും കിലോമീറ്റര്‍ റീഡിങ് ഗെയിമിന്റെ ഭാഗമായി അയച്ചുകൊടുക്കേണ്ടതുണ്ട്.

എന്നാല്‍ ബംഗളൂരുവിലേക്കുള്ള യാത്രാ മധ്യേ ചിത്രദുര്‍ഗയില്‍വെച്ച് ബൈക്കില്‍ ലോറിയിടിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന വിവരമറിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ മുറി പരിശോധിച്ചപ്പോഴാണ് മിഥുനിന്റെ യാത്രാവിവരങ്ങള്‍ ലഭിച്ചത്.

ഇങ്ങനെയാണ് ഇത് ഗെയിം ടാസ്‌കിന് വേണ്ടിയുള്ള ബൈക്ക് റൈഡ് ആയിരുന്നുവെന്ന് വ്യക്തമാകുന്നത്. പാമ്പാടി നെഹറു കോളജിലെ അവസാന വര്‍ഷ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു മിഥുന്‍. കൊലയാളി ഗെയിമുകള്‍ യുവാക്കള്‍ക്കിടയില്‍ പ്രചരിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ദൃഷ്ടാന്തമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here