സേവാഗിനോട് പൊട്ടിത്തെറിച്ച് പ്രീതി സിന്റ

മുംബൈ : ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പഞ്ചാബ് കിങ്‌സ് ഇലവന്‍ പരാജയം വഴങ്ങിയതോടെ വിരേന്ദര്‍ സേവാഗിനോട് ടീം ഉടമകളിലൊരാളായ പ്രീതി സിന്റ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്.

അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തില്‍ സേവാഗ് പഞ്ചാബിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്നും വിവരമുണ്ട്. മത്സരം കഴിഞ്ഞയുടന്‍ സേവാഗിനടുത്തെത്തിയ പ്രീതി തുറന്നടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പരിശീലകനായ സേവാഗിന്റെ തന്ത്രങ്ങള്‍ ഫലം കാണാത്തതിലുള്ള അഭിപ്രായ വ്യത്യാസം നടി വ്യക്തമാക്കി. മത്സരശേഷം താരങ്ങള്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതിനും മുന്‍പായിരുന്നു ഇത്.

മത്സരത്തില്‍ മൂന്നാമനായി സ്‌കിപ്പര്‍ രവിചന്ദ്രന്‍ അശ്വിനെയാണ് സേവാഗ് ഇറക്കിയത്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള കരുണ്‍ നായരെയോ മനോജ് തിവാരിയെയോ പരിഗണിക്കാതെയായിരുന്നു സേവാഗിന്റെ നടപടി.

മൂന്നാമനായി കളത്തിലിറങ്ങിയ അശ്വിന്‍ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ഇതാണ് പ്രീതിയെ പ്രകോപിപ്പിച്ചതെന്ന് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തോല്‍വിയുടെ ഉത്തരവാദിത്വം സേവാഗിന്റേതാണെന്ന തരത്തിലായിരുന്നു പ്രീതിയുടെ പ്രതികരണം.

എന്നാല്‍ സേവാഗ് പ്രീതിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. സംഭവത്തില്‍ സേവാഗ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. തന്റെ മേഖലകളില്‍ ഇടപെടുന്നതില്‍ നിന്നും പ്രീതിയെ വിലക്കണമെന്ന് ടീം ഉടമകളായ നെസ് വാഡിയയോടും മോഹിത് ബര്‍മ്മനോടും സേവാഗ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

പ്രീതിയെ അടക്കി നിര്‍ത്തണമെന്നായിരുന്നു ആവശ്യം. സേവാഗും പ്രീതിയും തമ്മില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ബര്‍മ്മന്റെ പ്രതികരണം. ഇരുവരുമായും താന്‍ സംസാരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരശേഷം ഉടമയും പരിശീലകനും തമ്മിലുള്ള സാധാരണ ആശയവിനിമയം മാത്രമാണുണ്ടായതെന്നാണ് ടീം വൃത്തങ്ങളുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here