കൊച്ചിയെ നടുക്കിയ മോഷണ പരമ്പര നടത്തിയത് ഇവരാണ്; പിടിയിലായത് ഡല്‍ഹിയില്‍ നിന്ന്

കൊച്ചി: എറണാകുളത്ത് വീട്ടുകാരെ കെട്ടിയിട്ട് മാരകമായി പരിക്കേല്‍പ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മൂന്നുപേര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. സംസ്ഥാന-കേന്ദ്ര പൊലീസ് സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ ഞായറാഴ്ച നാട്ടിലെത്തിക്കും. അര്‍ഷാദ്, ഷെഹ്ഷാദ്, റോണി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 15, 16 തീയതികളിലാണ് നഗരത്തെ ഞെട്ടിച്ച് കവര്‍ച്ചകള്‍ നടന്നത്. പുല്ലേപ്പടിയില്‍ വൃദ്ധദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തി. പിറ്റേന്ന് തൃപ്പൂണിത്തുറ എരൂര്‍ സൗത്തില്‍ താമസിക്കുന്ന ആനന്ദകുമാറിന്റെ വീട്ടിലും സമാനമായ വിധത്തില്‍ കവര്‍ച്ച നടന്നു. തുടര്‍ച്ചയായി ഉണ്ടായ കവര്‍ച്ചകള്‍ പൊലീസിന് തലവേദനയായിരുന്നു. കവര്‍ച്ച ചെയ്ത ആഭരണങ്ങളില്‍ വലിയൊരു പങ്ക് ഇവരില്‍ നിന്ന് കണ്ടെത്താനായി. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവരും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറയുന്നു. അര്‍ഷാദാണ് കവര്‍ച്ചയിലെ സൂത്രധാരന്‍ എന്നാണ് പോലീസിന്റെ നിഗമനം. അര്‍ഷാദിനെ ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഗന് സമീപമുള്ള ഇയാളുടെ വീട്ടില്‍ നിന്ന് അര്‍ധരാത്രിയാണ് പിടികൂടിയത്. ഡല്‍ഹി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. തുടര്‍ന്ന് ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റ് രണ്ടുപേരെ കൂടി പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here