ഫ്‌ളിപ്കാര്‍ട്ടില്‍ വിളിച്ചപ്പോള്‍ ബിജെപി അംഗത്വം

കൊല്‍ക്കത്ത : ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഹെഡ്‌ഫോണ്‍ വാങ്ങിയ ആള്‍ക്ക് ലഭിച്ചത് എണ്ണക്കുപ്പി. പരാതിയറിയിക്കാന്‍ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ബിജെപി അംഗത്വവും. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് ശല്യമാകാതെ കാണാനാണ് കൊല്‍ക്കത്ത സ്വദേശി ഫ്‌ളിപ്കാര്‍ട്ടില്‍ രണ്ട് സെറ്റ് ഹെഡ്‌ഫോണുകള്‍ ഓര്‍ഡര്‍ ചെയ്തത്.

എന്നാല്‍ വീട്ടിലെത്തിയ ഫ്‌ളിപ്കാര്‍ട്ടിന്റെ പാക്കറ്റ് പൊളിച്ചപ്പോള്‍ അതിലുണ്ടായിരുന്നത് ഒരു കുപ്പി എണ്ണയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ചു. ഒരു തവണ ബെല്ലടിച്ച ശേഷം ഫോണ്‍ കട്ടായി. വീണ്ടും വിളിച്ചപ്പോള്‍ പൊടുന്നനെ ഒരു മെസേജ് വന്നു. ബിജെപിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ളതായിരുന്നു സന്ദേശം.

ഒപ്പം ബിജെപിയുടെ പ്രാഥമിക അംഗത്വ നമ്പറുമുണ്ടായിരുന്നു. അംഗത്വ പ്രക്രിയയുടെ പൂര്‍ത്തീകരണത്തിന് പേരും വിലാസവും പിന്‍കോഡും അടക്കമുള്ള വിവരങ്ങള്‍ എസ്എംഎസ് അയയ്ക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഇതുകണ്ട് അന്തംവിട്ട ഉപഭോക്താവ് വീണ്ടും വിളിച്ചപ്പോള്‍ അതേ മെസേജ് തന്ന വന്നു. മറ്റാളുകളെക്കൊണ്ട് വിളിപ്പിച്ച് പരിശോധിച്ചപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി.

തുടര്‍ന്ന് ഫ്‌ളിപ്കാര്‍ട്ടിന്റെ മറ്റൊരു നമ്പര്‍ സംഘടിപ്പിച്ച് പരാതിപ്പെട്ടതോടെ ഹെഡ്‌ഫോണ്‍ അയച്ചുകിട്ടി. എണ്ണ അബദ്ധത്തില്‍ അയച്ചതാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. തങ്ങള്‍ കസ്റ്റമര്‍ കെയറില്‍ ഉപയോഗിച്ച നമ്പറായിരുന്നു അതെന്നും പിന്നീട് അത് ഉപേക്ഷിച്ചതാണെന്നുമാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here