നാലുവട്ടം മാനഭംഗപ്പെടുത്തി കൊലപാതകം

തിരുവനന്തപുരം : കോവളത്ത് വിദേശവനിത കൊല്ലപ്പെടുന്നതിന് മുന്‍പ് നാലുവട്ടം ക്രൂരമായ ബലാത്സംഗത്തിനിരയായതായി അന്വേഷണസംഘം. പ്രതികള്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ആത്മഹത്യയെന്ന് വരുത്താന്‍ പൊന്തക്കാട്ടിലെ വള്ളിയില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കൊലപാതകത്തില്‍ ബന്ധുക്കളായ ഉമേഷ് ഒന്നാം പ്രതിയും ഉദയന്‍ രണ്ടാം പ്രതിയുമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നതിങ്ങനെ. വാഴമുട്ടത്തെ കണ്ടല്‍ക്കാടിന് സമീപത്തെ ക്ഷേത്രപരിസരത്ത് സിഗരറ്റ് വലിച്ച് നില്‍ക്കുകയായിരുന്നു വിദേശവനിത.

ഈ സമയം അപ്പുറത്ത് തോണിയില്‍ ഇരിക്കുകയായിരുന്ന ഉമേഷ് യുവതിയുടെ അടുത്തെത്തി ടൂറിസ്റ്റ് ഗൈഡാണെന്ന് അറിയിച്ചു. തുടര്‍ന്ന് വൈറ്റ് ബീഡി അഥവാ കഞ്ചാവ് വേണോയെന്ന് ചോദിക്കുന്നു. തുടര്‍ന്ന് യുവതിയെയും കൂട്ടി കാട്ടിലേക്ക് നടന്നു. ഇതിനിടെ ടൂറിസ്റ്റ് ഗൈഡായ ഉദയനും എത്തി.

കണ്ടല്‍ക്കാട്ടിലേക്ക് പോകുന്നതിനിടെ പ്രതികള്‍ യുവതിക്ക് ഇളനീര്‍ ഇട്ട് നല്‍കി. ലഹരിബീഡിയുടെ ആലസ്യത്തിലായതോടെ യുവതിയെ അടുത്തുള്ള കെട്ടിടത്തിന് സമീപത്തെത്തിച്ച് രണ്ടുപ്രാവശ്യം വീതം പീഡിപ്പിച്ചു. എന്നാല്‍ വൈകീട്ട് ബോധം തെളിഞ്ഞപ്പോള്‍ അവര്‍ മടങ്ങാന്‍ ഒരുങ്ങി.

എന്നാല്‍ പ്രതികള്‍ അവരെ ബലമായി പിടിച്ചുനിര്‍ത്തി. മല്‍പ്പിടിത്തത്തിനിടെ പ്രതികളില്‍ ഒരാള്‍ പിന്നിലൂടെ യുവതിയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് സമീപത്തെ കട്ടിയുള്ള വള്ളി കൊണ്ട് കഴുത്തില്‍ക്കുരുക്കി തൂക്കിയിട്ടു.

ആത്മഹത്യയെന്ന് വരുത്താനായിരുന്നു ഇത്. അതിന് ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. എന്നാല്‍ ഇടയ്ക്കിടെ സംഭവ സ്ഥലത്തെത്തി മൃതദേഹം അവിടെയുണ്ടോയെന്ന് പരിശോധിക്കുമായിരുന്നു.

ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ശിരസ്സ് വേര്‍പെട്ടതും കണ്ടിരുന്നു. ഒടുവില്‍ ഏപ്രില്‍ 20 ന് മൃതദേഹം കണ്ടെത്തിയതോടെയാണ് കേസന്വേഷണത്തില്‍ വഴിത്തിരിവായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായി.

LEAVE A REPLY

Please enter your comment!
Please enter your name here