ഇരട്ടകളെ പ്രസവിച്ച് അമ്മ യാത്രയായി

കുമരകം: പതിനെട്ട് വര്‍ഷത്തോളമാണ് ഒരു കുഞ്ഞിന് വേണ്ടി ഷീബയും ഭര്‍ത്താവും കാത്തിരുന്നത്. ഒടുവില്‍ ഇവര്‍ക്ക് ഇരട്ട പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു. എന്നാല്‍ കാത്തിരുന്ന് കിട്ടിയ കുരുന്നുകളെ കണ്ണുനിറയെ കാണുംമുമ്പേ, നെഞ്ചോടു ചേര്‍ത്തു ലാളിക്കുംമുമ്പേ അമ്മയെ അപ്രതീക്ഷിത മരണം കൊണ്ടുപോയി.

കുമരകം പാണ്ടന്‍ബസാറിനു സമീപം പറത്തറ വീട്ടില്‍ ശിശുപാലന്റെ ഭാര്യ ഷീബ(42)യാണ് ഇരട്ടകള്‍ക്കു ജന്മംനല്‍കി അഞ്ചാം ദിവസം മരിച്ചത്. വിവാഹം കഴിഞ്ഞ് 18 വര്‍ഷമായ ഇവര്‍ക്കു ദീര്‍ഘകാലത്തെ ചികിത്സയ്ക്കും പ്രാര്‍ഥനയ്ക്കും ശേഷമാണു കുഞ്ഞുങ്ങളുണ്ടായത്.

വൈകിയെത്തിയത് ഇരട്ടകളായപ്പോള്‍ ആ ദമ്പതികള്‍ ഒരുപാട് സന്തോഷിച്ചു. കഴിഞ്ഞ വ്യാഴാഴ്ച തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണു കുഞ്ഞുങ്ങള്‍ ജനിച്ചത്. തൂക്കം കുറവായിരുന്നതിനാല്‍ കുഞ്ഞുങ്ങളെ ഇന്‍ക്യൂബേറ്ററിലേക്കു മാറ്റിയിരുന്നു.

കുഞ്ഞുങ്ങളുടെ നില മെച്ചപ്പെട്ടതോടെ ഇന്നലെ ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍ തയാറെടുക്കുന്നതിനിടെ ഷീബയ്ക്കു തലചുറ്റല്‍ അനുഭവപ്പെട്ടു. അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

രക്തസമ്മര്‍ദം കുറഞ്ഞതാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിച്ചു.
പെണ്‍കുഞ്ഞുങ്ങളെ തിരികെ ഇന്‍ക്യുബേറ്ററിലേക്ക് പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here