ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കുമാരസ്വാമി

ബംഗലൂരു :എംഎല്‍എമാരെ എതിര്‍പക്ഷത്തെത്തിക്കാന്‍ ബിജെപി 100 കോടി രൂപ വരെ വാഗ്ദാനം  നല്‍കുന്നതായി വെളിപ്പെടുത്തി ജനതാദള്‍ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. ജനതാദള്‍ എംഎല്‍എമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു കുമാരസ്വാമി ബിജെപിക്കെതിരെ ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. 100 കോടി രൂപയ്ക്ക് പുറമെ ഒരു മന്ത്രി സ്ഥാനവും ബിജെപി പല ജനതാദള്‍ എംഎല്‍എമാര്‍ക്കും വാഗ്ദാനം ചെയ്തതായി കുമാരസ്വാമി പറഞ്ഞു.

‘എവിടെ നിന്നാണ് അവര്‍ക്കിത്രയും പണം ലഭിക്കുന്നത് എന്തു കൊണ്ടാണ് അവര്‍ ഇത്രയും ആക്രമണ മനോഭാവത്തോട് കൂടി പെരുമാറുന്നതെന്നും’ കുമാരസ്വാമി ചോദിച്ചു. രാജ്യത്തിന് പുറത്ത് നിന്നുള്ള കള്ളപ്പണം കണ്ടെടുത്താണ് ഇതു മൊത്തമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്, അധികാരത്തിനായി ബിജെപി കേന്ദ്ര സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓപ്പറേഷന്‍ കമല്‍(താമര) എന്ന സ്വപ്‌നം മറക്കണമെന്നും പല ബിജെപി എംഎല്‍എമാരും തങ്ങളിലേക്ക് വരാന്‍ തയ്യാറാണെന്നും ഞങ്ങളുടെ ആളുകളെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇരട്ടിയിലേറെ പേര്‍ ഇങ്ങോട്ടേക്ക് വരുമെന്നും കുമാരസ്വാമി പറഞ്ഞു.

ഒരു കാരണവശാലും ബിജെപിയുമായി അധികാരം പങ്കിടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം തനിക്ക് മുഖ്യമന്ത്രിയാകുന്നതില്‍ വ്യക്തിപരമായ താല്‍പര്യങ്ങളില്ലെന്നും പ്രസ്താവിച്ചു. കര്‍ണ്ണാടകയിലെ വികസന തുടര്‍ച്ചയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. ബിജെപിക്ക് എണ്ണം തികയ്ക്കാനുള്ള അംഗങ്ങളില്ലെങ്കിലും അധികാരത്തിനുള്ള ആര്‍ത്തിയാണെന്നും കുമാരസ്വാമി വിമര്‍ശിച്ചു.

ഗോവയിലും മണിപ്പൂരിലും മേഘാലയിലും ഇവര്‍ നടത്തിയ നീക്കങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ബിജെപിക്ക് കര്‍ണ്ണാടകയില്‍ അധികാരം നേടാന്‍ ധാര്‍മ്മികമായി ഒരവകാശവുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇതിനിടിയിലും ബിജെപിയും കോണ്‍ഗ്രസും എതിര്‍ചേരിയിലെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള തിരിക്കിട്ട നീക്കങ്ങളിലാണ്. കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍ ജനതാദള്‍ എംഎല്‍എമാര്‍ താമസിക്കുന്ന ക്വോര്‍ട്ടേസിലെത്തി ചിലരുമായി രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

പത്തോളം ജനതാദള്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് അധികാരം പങ്കിടുന്നതില്‍ അസംതൃപ്തരാണെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. ഇവരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുവാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് ബിജെപി. ഇതിനിടെ ആറ് ബിജെപിക്കാര്‍ തങ്ങളുമായി നല്ല ബന്ധത്തിലാണെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ് നേതാവ് എംബി പാട്ടില്‍ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here