ഗവര്‍ണര്‍പദവി: ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം

ന്യൂഡല്‍ഹി : മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്ന് അദ്ദേഹം കേന്ദ്ര നേതാക്കളോട് വ്യക്തമാക്കുകയായിരുന്നു.

മിസോറാമിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ തിങ്കളാഴ്ച സ്ഥാനമൊഴിയുന്ന സാഹചര്യത്തിലായിരുന്നു കുമ്മനത്തെ നിയമിച്ച് രാഷ്ട്രപതി ഭവന്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ കുമ്മനം ബുദ്ധിമുട്ട് അറിയിച്ചതില്‍ കേന്ദ്രനേതൃത്വത്തിന്റെ പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഗവര്‍ണറുടെ ഉത്തരവ് പുറത്തുവന്നതിനാല്‍ കുമ്മനം അത് നിരസിച്ചേക്കില്ലെന്ന സൂചനയുമുണ്ട്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് അദ്ദേഹത്തിന് ഗവര്‍ണര്‍ പദവി നല്‍കിയതെന്നാണ് വിവരം.

കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്കെത്തിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഗവര്‍ണര്‍ സ്ഥാനം നല്‍കിയത്. നേരത്തേ അല്‍ഫോണ്‍സ് കണ്ണന്താനത്തെ കേന്ദ്രമന്ത്രിയായും സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരെ രാജ്യസഭാംഗങ്ങളായും ബിജെപി സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുത്തിരുന്നു.

മുന്‍പ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷനായിരുന്നു കുമ്മനം. 1987 ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പിന്നീട് ആര്‍എസ്എസ് പ്രചാരകനായി.

കഴിഞ്ഞതവണ വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് കെ മുരളീധരനോട് പരാജയപ്പെട്ടു. അന്ന് കുമ്മനം രണ്ടാമതെത്തിയിരുന്നു. കോട്ടയം കുമ്മനം സ്വദേശിയാണ്.

കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ നേരത്തേ മിസോറാം ഗവര്‍ണര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. മിസോറാമില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. ഗവര്‍ണറാകുന്ന പതിനെട്ടാമത്തെ മലയാളിയാണ് കുമ്മനം രാജശേഖരന്‍.

LEAVE A REPLY

Please enter your comment!
Please enter your name here