വന്‍തുക തട്ടിയവരെ തേടി അറബി കേരളത്തില്‍

കോഴിക്കോട് : പണം തട്ടിയ മലയാളികളെ തേടി അറബി കേരളത്തില്‍. 3 അംഗ മലയാളി സംഘം ബിസിനസ് തുടങ്ങാനായി പണം വാങ്ങി വഞ്ചിച്ചെന്നാണ് കുവൈറ്റ് സ്വദേശി മുജീബ് അല്‍ ദോസരിയുടെ പരാതി. കച്ചവട പങ്കാളികള്‍ ഒരു കോടിയിലേറെ രൂപ തട്ടിയതായി ഇദ്ദേഹം പറയുന്നു.

തിക്കോടി സ്വദേശി കുഞ്ഞുമുഹമ്മദിനെതിരെയാണ് ഇദ്ദേഹം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കുഞ്ഞുമുഹമ്മദ് തന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ 35 വര്‍ഷത്തോളം കുവൈറ്റില്‍ തൊഴിലെടുത്തയാളാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

മൂന്ന് മലയാളികളും അറബിയും ചേര്‍ന്ന് ഫര്‍ണിച്ചര്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ തുടങ്ങാന്‍ പദ്ധതിയിട്ടു. ഫര്‍ണിച്ചര്‍ ബിസിനസിനായി 75 ലക്ഷം രൂപയും റിയല്‍ എസ്റ്റേറ്റിനായി ഒരു കോടി 50 ലക്ഷവും ഇദ്ദേഹം നല്‍കി.

എന്നാല്‍ 75 ലക്ഷം കൂടി പങ്കാളികള്‍ ആവശ്യപ്പെട്ടതോടെ റിയല്‍ എസ്‌റ്റേറ്റില്‍ നിന്ന് ഇദ്ദേഹം പിന്‍മാറുകയും നല്‍കിയ പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു.

ഈ ഇടപാടില്‍ ഒരു കോടി 15 ലക്ഷം രൂപ തനിക്ക് തിരികെ കിട്ടാനുണ്ടെന്ന് ഇയാള്‍ വ്യക്തമാക്കുന്നു.എന്നാല്‍ വിളിച്ചിട്ടും കുഞ്ഞുമുഹമ്മദും സംഘവും ഫോണ്‍ എടുക്കാതായതോടെയാണ് ഇവരെ തേടി അറബി കേരളത്തിലെത്തിയത്.

പല തവണ ഇവരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പണം ലഭിച്ചിട്ടില്ല. ഇതോടെ പയ്യോളി പൊലീസിനെ സമീപിച്ചു.

എന്നാല്‍ ഇടപാടുകള്‍ സംബന്ധിച്ച യഥാര്‍ത്ഥ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ പരാതി നല്‍കാനായില്ല. കുവൈറ്റിലേക്ക് മടങ്ങി രേഖകളുമായി തിരിച്ചെത്താനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

ഹോട്ടല്‍ ബില്‍ ഇനത്തില്‍ മാത്രം ഇതുവരെ തനിക്ക് പതിനയ്യായിരം രൂപ ചെലവായതായും ഇദ്ദേഹം വെളിപ്പെടുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here