കുവൈറ്റ് : 22 ഇനം രോഗങ്ങളുള്ളവര്‍ക്ക് തൊഴിലെടുക്കാന്‍ അനുമതി നല്‍കില്ലെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. ഈ രോഗങ്ങളുള്ളവര്‍ക്ക് താമസാനുമതി രേഖ നല്‍കില്ലെന്നും വകുപ്പ് വ്യക്തമാക്കി.
എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് ജി, മലേറിയ, മഞ്ഞപ്പിത്തം, ഹെര്‍പ്സ്, ക്ഷയം, കുഷ്ഠം,സിഫിലിസ്, ടിബി, ഗുണോറിയ, ശ്വാസകോശരോഗം തുടങ്ങിയവ ഉള്ളവര്‍ക്ക് തൊഴില്‍ അവസരം നല്‍കില്ലെന്നാണ് അറിയിപ്പ്.
കുവൈറ്റ് ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മാജിദ അല്‍ ഖത്താനാണ് ഇക്കാര്യം അറിയിച്ചത്. ഈ 22 രോഗങ്ങളുള്ളവരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ 2001 ല്‍ തന്നെ അംഗീകരിച്ച് നിയമമാക്കിയതാണെന്നും അവര്‍ വ്യക്തമാക്കി.
കുവൈറ്റില്‍ ജോലി തേടുന്ന വിദേശികള്‍ രണ്ട് തവണയാണ് ആരോഗ്യ പരിശോധന നടത്തേണ്ടത്. യാത്ര പുറപ്പെടുംമുന്‍പ് സ്വന്തം രാജ്യത്താണ് ആദ്യ പരിശോധന. കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്നാകണം ഇത്.
തുടര്‍ന്ന് കുവൈറ്റില്‍ എത്തിയ ശേഷം ഷുവൈഫ്, ഫഹാഹീല്‍, ജഹ്റ, സബ്ഹാന് എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാകണം.
ഇവിടത്തെ പരിശോധനയില്‍ വ്യക്തിക്ക് ഏതെങ്കിലും നിരോധിത രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയാല്‍ ആഭ്യന്തരമന്ത്രാലയമുള്‍പ്പെടെ ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകള്‍ക്കും ഈ വിവരം കൈമാറും. അക്കൂട്ടര്‍ക്ക് താമസാനുമതി രേഖ നല്‍കില്ലെന്നും ഡോ. മാജിത അറിയിച്ചു.
കുവൈറ്റ്- ചിത്രങ്ങളിലൂടെ …