കുവൈറ്റില്‍ ജോലിക്കായ് കടമ്പകളേറെ

കുവൈറ്റ് സിറ്റി : 100 വിദഗ്ധ തസ്തികകളില്‍ മാത്രമേ കുവൈറ്റില്‍ ഇനി മുതല്‍ വിദേശികള്‍ക്ക് നിയമനം നല്‍കൂ. ഇതിനായി ഇത്രയും തസ്തികകളുടെ പട്ടിക കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി തയ്യാറാക്കി. തൊഴിലവസരമുള്ള പദവികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുന്ന പട്ടിക വൈകാതെ പുറത്തുവിടും.

രാജ്യത്തേക്ക് തൊഴില്‍ വൈദഗ്ധ്യമില്ലാത്തവരുടെ വരവ് നിയന്ത്രിക്കാനാണ് പുതിയ പരിഷ്‌കാരങ്ങള്‍. പ്രാഗല്‍ഭ്യമില്ലാത്തവരുടെ വരവ് തൊഴില്‍ സാമൂഹ്യ മേഖലകളില്‍ സങ്കീര്‍ണ്ണതകള്‍ക്കിടയാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുമാണ് നടപടി.

അതാത് രാജ്യങ്ങളില്‍ കുവൈറ്റിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകളില്‍ വിജയിക്കുന്നവരെ മാത്രമേ ജോലിക്കായി പരിഗണിക്കൂ. ഒരു രാജ്യാന്തര കമ്പനിയെയാണ് ഇതിന്റെ ഏകോപനത്തിനായി നിയോഗിക്കുന്നത്.

അതേസമയം വിദേശ എഞ്ചിനീയര്‍മാര്‍ക്ക് വിസ ലഭിക്കാനും ഇഖാമ പുതുക്കാനും കുവൈറ്റ് എഞ്ചിനീയേഴ്‌സ് സൊസൈറ്റിയുടെ എന്‍ഒസി വേണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതായത് സൊസൈറ്റി നടത്തുന്ന പരീക്ഷ പാസായാലേ ഇഖാമ പുതുക്കി നല്‍കൂ.

നൂറുകണക്കിന് മലയാളി എഞ്ചിനീയര്‍മാരെ ഈ നീക്കം പ്രതിസന്ധിയിലാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പഠിച്ച കോഴ്‌സിന് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരമുണ്ടെങ്കിലേ കുവൈറ്റ് എഞ്ചിനീയേഴ്‌സ് സൊസൈറ്റി എന്‍ഒസി അനുവദിക്കൂവെന്ന പുതിയ വ്യവസ്ഥയാണ് വിനയാകുന്നത്.

ഇന്ത്യയില്‍ പ്രസ്തുത രജിസ്‌ട്രേഷന്‍ ഇല്ലാത്ത നിരവധി സ്ഥാപനങ്ങളും അനവധി കോഴ്‌സുകളുമുണ്ട്. ഇവയില്‍ പഠിച്ചിറങ്ങിയ നിരവധി പേര്‍ കുവൈറ്റില്‍ ജോലിയെടുത്തുവരുന്നു. എന്നാല്‍ പുതിയ വ്യവസ്ഥ വന്നതോടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമായേക്കുമെന്നാണ് ആശങ്ക.

LEAVE A REPLY

Please enter your comment!
Please enter your name here