തെറ്റായ പരിശോധനാഫലം നല്‍കി; ലാബിന് 10 ലക്ഷം പിഴ

ഡെറാഡൂണ്‍: തെറ്റായ പരിശോധനാഫലം നല്‍കി സ്ത്രീയെ കബിളിപ്പിച്ച ലാബിന് പത്തുലക്ഷം രൂപ പിഴ. അഹൂജ പാത്തോളജി ആന്‍ഡ് ഇമേജിംഗ് സെന്ററിനാണ് ഉപഭോക്തൃ പരിഹാര കോടതി പത്തുലക്ഷം രൂപ പിഴയടക്കാന്‍ വിധിച്ചിരിക്കുന്നത്.

സ്തനാര്‍ബുദമുണ്ടെന്ന ലാബ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് പതിനഞ്ച് വര്‍ഷം മുമ്പാണ് യശോദ ഗോയല്‍ എന്ന യുവതിയുടെ മാറിടം നീക്കം ചെയ്തത്. 2003 ലാണ് ഡോക്ടര്‍ ആഹൂജാസ് പതോലോജി ആന്‍ഡ് ഇമേജിംഗ് സെന്ററില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് ബ്രെസ്റ്റ് കാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്.

ഈ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പിന്നീട് രാജീവ് ഗാന്ധി കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ യുവതിയുടെ ഇടത് സ്തനം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ നടത്തിയത്. ഇതിനു ശേഷമാണ് ഇവര്‍ക്ക് അസുഖം ഇല്ലായിരുന്നു എന്ന് തെളിഞ്ഞത്.

തുടര്‍ന്ന് 2006 ല്‍ യശോദ ഗോയല്‍ കോടതിയെ സമീപിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ പതോളജി ലാബിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കോടതി കണ്ടെത്തി. 2006 മുതലുള്ള പലിശ സഹിതമാണ് ലാബ് നഷ്ടപരിഹാര തുക നല്‍കേണ്ടത്.

ചികിത്സാ പിഴവിന്റെ പേരില്‍ ഒരു സ്ത്രീയുടെ മാറിടം മുറിച്ച് നീക്കുകയയും അതിന്റെ പേരില്‍ അവരനുഭവിച്ച മാനസികവും ശാരീരികവുമായ നിരാശയും കൂടി കണക്കിലെടുത്താണ് ഇത്തരം ഒരു വിധി പുറപ്പെടുവിച്ചതെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ബി എസ് വര്‍മ, വീണ ശര്‍മ എന്നിവരടങ്ങിയ കമ്മിഷന്‍ ആണ് വിധി പുറപ്പെടുവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here