കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് സുഖപ്രസവം

കല്‍പ്പറ്റ: വിമാനത്തില്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ബസിനുള്ളിലും പ്രസവിക്കാന്‍ സൗകര്യമൊരുക്കും. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലാണ് യുവതിക്ക് പ്രസവിക്കാന്‍ സൗകര്യമൊരുക്കിയത്.

യുവതിയുടെ പ്രസവം അതീവ സ്വകാര്യവും സുരക്ഷിതവുമാക്കാന്‍ മുന്നിട്ട് നിന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും അഭിനന്ദനപ്രവാഹമാണ്. കണ്ടക്ടര്‍ ബനീഷും ഡ്രൈവര്‍ സുനില്‍ കുമാറുമാണ് താരങ്ങള്‍.

സംഭവത്തില്‍ കണ്ടക്ടറുടെയും ഡ്രൈവറുടെയും സമയോചിതമായ ഇടപെടലായിരുന്നു പ്രസവം ഇത്രയും സുരക്ഷിതമാക്കിയത്. അമ്പലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് ബസില്‍ പ്രസവിച്ചത്.

കോഴിക്കോട് ബത്തേരിയില്‍ നിന്ന് വരികയായിരുന്ന യുവതി കല്‍പറ്റയ്ക്ക് സമീപം എത്തിയപ്പോഴാണ് ബസില്‍ കുഞ്ഞിനെ പ്രസവിച്ചത്. ഉടന്‍ തന്നെ യുവതി യാത്ര ചെയ്യുകയായിരുന്ന ബസില്‍ കല്‍പറ്റയിലെ ലിയോ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. കോഴിക്കോടു നിന്ന് രാവിലെ 7.30 നാണ് ബത്തേരിയിലേക്ക് ബസ് പുറപ്പെട്ടത്. അവിടെ സ്റ്റാന്റില്‍ നിന്നു തന്നെ യുവതിയുള്‍പ്പെട്ട നാലംഗ കുടുംബം കയറിയിരുന്നു.

ഏറ്റവും പുറകിലത്തെ സീറ്റിന് മുന്‍പിലായാണ് ഇരുന്നിരുന്നത്. വെള്ളാരം കുന്ന് കഴിഞ്ഞ് കല്‍പറ്റ എത്താറായപ്പോള്‍ കെഎസ്ആര്‍ടിസി ഗാരിജിന് സമീപം വച്ച് പൊലീസുകാരനായ ഒരു യാത്രക്കാരന്‍ മുന്നോട്ടു വന്ന് കണ്ടക്ടര്‍ ബനീഷിനോട് പ്രശ്‌നം സൂചിപ്പിച്ചു.

ബനീഷ് പുറകിലെത്തി യുവതിയോട് കാര്യങ്ങള്‍ ആരുമറിയാതെ ചോദിച്ചു. ഉടന്‍ തന്നെ യുവതിക്ക് പ്രസവിക്കാനുള്ള സൗകര്യമൊരുക്കി കൊടുത്തു. വൈകാതെ യുവതി പ്രസവിച്ചു. പൊക്കിള്‍ കൊടി വേര്‍പെടുത്താത്ത ചോരക്കുഞ്ഞിനെ ഒപ്പമുള്ളവര്‍ എടുത്തിട്ടുണ്ട്. ഉടന്‍ ഡ്രൈവര്‍ സുനില്‍കുമാറിനോട് കാര്യം പറഞ്ഞു.

പിന്നൊന്നും ചിന്തിച്ചില്ല ആദ്യമെത്താവുന്ന ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. കല്‍പറ്റ ലിയോ ആശുപത്രിയിലെത്തുമ്പോള്‍ രാവിലെ 9.30. അവിടെ അവര്‍ വേണ്ടതെല്ലാം ചെയ്തതു കൊണ്ട് പ്രശ്‌നങ്ങളുണ്ടായില്ല. കണ്ടക്ടര്‍ പറഞ്ഞു.

ബസില്‍ നിറയെ ആളുകള്‍ ഉണ്ടായിട്ടും സ്വകാര്യതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ മുഴുവന്‍ യാത്രക്കാരും ജീവനക്കാരെ അഭിനന്ദിച്ചു. കെഎസ്ആര്‍ടിസി ബസില്‍ പിറന്ന കുഞ്ഞിന് ഉടുപ്പുകളും സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി ബത്തേരി ഡിപ്പോയിലെ ജീവനക്കാര്‍ ആശുപത്രിയിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here