വിവാദ ഭൂമിയിടപാടില്‍ കേസെടുത്തു

കൊച്ചി : വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ ഫാദര്‍ ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്.

വിശ്വാസ വഞ്ചന, ഗൂഢാലോചന, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പൊലീസ് നടപടി വൈകുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

കൂടാതെ കേസെടുക്കാന്‍ വിമുഖത കാണിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ കൂടിയാണ് പൊലീസ് കേസെടുത്തത്. കര്‍ദിനാള്‍ രാജാവല്ലെന്നും നിയമത്തിന് മുന്നില്‍ ഏവരും തുല്യരാണെന്നും ഹൈക്കോടതി ജോര്‍ജ് ആലഞ്ചേരിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇത്തരത്തില്‍ തനിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കര്‍ദിനാള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here