കോഴിക്കോട്ട് മരണം ആറായി;10 പേര്‍ക്കായി തിരച്ചില്‍

കോഴിക്കോട് : ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോടിന്റെ മലയോര മേഖലകളില്‍ ശക്തമായ ഉരുള്‍പൊട്ടല്‍. കരിഞ്ചോലയില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് കുട്ടികളുള്‍പ്പെടെയാണ് മരണപ്പെട്ടത്. 10 പേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

48 അംഗ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍. നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്ന് ഒലിച്ചുപോയി. ഒമ്പതുവയസ്സുകാരി ദില്‍ന, നാലുവയസ്സുകാരന്‍ ജാസിം, ഷഹബാസ്, അബ്ദുറ്ഹമാന്‍, മകള്‍ ഹന്നത്ത് എന്നിവരാണ് മരിച്ചത്. ഹസന്‍ എന്നയാളുടെ വീട്ടില്‍ 7 പേരാണുണ്ടായിരുന്നത്.

ഇവരില്‍ 5 പേരെ ഇനിയും കണ്ടെത്താനുണ്ട്. അബ്ദുറഹ്മാന്‍, സലിം എന്നിവരുടെ വീടുകളും പൂര്‍ണ്ണമായി തകര്‍ന്ന് മണ്ണിനടിയിലായി. ഈ കുടുംബങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവരാണ് കാണാതായ മറ്റ് 5 പേര്‍. കക്കയം, പുല്ലൂരാമ്പാറ, കരിഞ്ചോല, ചമല്‍, കട്ടിപ്പാറ, വേനപ്പാറ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

വെള്ളപ്പൊക്കത്തില്‍ തിരുവമ്പാടി മേഖല പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ബാലുശ്ശേരി മങ്കയത്തും നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞും മരംവീണും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ചാലിയാര്‍, ഇരുവഞ്ഞിപ്പുഴ, പൂനൂര്‍ പുഴ, ചാലക്കുടിപ്പുഴ എന്നിവ കരകവിഞ്ഞൊഴുകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here