ഹോസ്റ്റലുകളില്‍ കയറി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച് കടന്നു കളയുന്ന യുവതി ഒടുവില്‍ പൊലീസിന്റെ വലയില്‍ കുടുങ്ങി

ബംഗലൂരു :വനിതാ ഹോസ്റ്റലുകളില്‍ കയറി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച് കടന്നു കളയുന്ന യുവതി പിടിയില്‍. ബംഗലൂരു സ്വദേശിനിയായ ശോഭയാണ് പിടിയിലായത്. ബംഗലൂരുവിലെ മൈക്രോ ലേയൗട്ട് സ്‌റ്റേഷനിലെ പൊലീസുകാരാണ് യുവതിയെ പിടികൂടിയത്.ഐടി ജീവനക്കാരികളടക്കമുള്ള സമ്പന്ന വനിതകള്‍ താമസിക്കുന്ന ഹോസ്റ്റലുകളില്‍ കയറി ലാപ്‌ടോപ്പ് മോഷ്ടിക്കലായിരുന്നു യുവതിയുടെ സ്ഥിരം പരിപാടി. താമസിക്കാനെന്ന വ്യാജേന ഹോസ്റ്റല്‍ അധികൃതരെ സമീപിച്ച് മുറിയിലെത്തി മറ്റുള്ളവരുടെ ലാപ്‌ടോപ്പും മോഷ്ടിച്ച് കടന്നു കളയും. രാവിലെ തന്നെ ഹോസ്റ്റലില്‍ എത്തുന്ന യുവതി മാന്യമായ പെരുമാറ്റത്തിലൂടെ അധികൃതരെ മയക്കി താമസിക്കാനെന്ന വ്യാജേന ഒരു മുറി സംഘടിപ്പിക്കുന്നു.മുറിയിലെത്തുന്ന യുവതി അവിടെയുള്ള മറ്റ് സ്ത്രീകളുടെ ലാപ്പ്‌ടോപ്പുകള്‍ എടുത്ത് ഉടന്‍ തന്നെ സ്ഥലം കാലിയാക്കുന്നു. ഒരു ഇന്റര്‍വ്യൂവിന് വേണ്ടി നഗരത്തില്‍ വന്നതാണെന്നും വൈകുന്നേരം വന്ന് പണവും തിരിച്ചറിയല്‍ രേഖകളും സമര്‍പ്പിക്കാം എന്ന് പറഞ്ഞാണ് യുവതി സ്ഥലം കാലിയാക്കിയിരുന്നത്. യുവതിയുടെ കൈയ്യില്‍ നിന്നും പൊലീസ് 10 ലാപ്പ്‌ടോപ്പുകള്‍ കണ്ടെടുത്തു. ഇവയ്‌ക്കെല്ലാം കൂടി നാല് ലക്ഷം രൂപ വിലമതിക്കും. കാമുകനുമായി ആര്‍ഭാട പൂര്‍ണ്ണമായ ജീവിതം നയിക്കുവാനാണ് താന്‍ മോഷണത്തില്‍ ഏര്‍പ്പെടുന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here