മരിക്കുന്നതിന് മുന്‍പ് ഇദ്ദേഹത്തിന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു ; കണ്ണ് നിറയിക്കുന്ന കാഴ്ച

ഹോളണ്ട് :മരണക്കിടക്കയില്‍ വെച്ച് പല ആഗ്രഹങ്ങളും രോഗികള്‍ തങ്ങളുടെ ബന്ധുക്കളോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഹോളണ്ട് സ്വദേശിയായ മരിയോ തന്റെ അവസാന ആഗ്രഹമായി ബന്ധുക്കളുടെ മുന്നില്‍ വെച്ചത് ഒരു വ്യത്യസ്ഥമായ ആഗ്രഹമായിരുന്നു. തന്റെ പ്രീയപ്പെട്ട ജിറാഫുകളെ ഒരു നോക്ക് കൂടി കാണുവാന്‍ അവസരം നല്‍കണമെന്നതായിരുന്നു മരിയോവിന്റെ ആവശ്യം.ഈ ആഗ്രഹം കേട്ടതോടെ ചുറ്റും കൂടി നിന്നവരുടെ കണ്ണ് നിറഞ്ഞു. ഹോളണ്ടിലെ റൊട്ടെര്‍ഡാം ഡയാഗ്രാഡേ മൃഗശാലയിലെ പരിപാലകനായിരുന്നു ദീര്‍ഘകാലം മരിയോ. അടുത്തിടെയാണ് മരിയോവിന് ക്യാന്‍സര്‍ രോഗം ഉള്ളതായി അറിയുവാന്‍ ഇട വരുന്നത്. രോഗം മൂര്‍ഛിച്ചത് കൊണ്ട് തന്നെ ജീവിതത്തിലേക്ക് ഒരു തിരിച്ച് വരവ് അസാധ്യമാണെന്ന് മനസ്സിലാക്കിയ മരിയോ ബന്ധുക്കളോട് തന്റെ അവസാന ആഗ്രഹമായി പറഞ്ഞത് മൃഗശാലയില്‍ പോയി തന്റെ ജിറാഫുകളെ കണ്ട് മരിക്കാന്‍ കഴിയണമെന്നതാണ്.ക്യാന്‍സര്‍ ബാധിതരായ വ്യക്തികളുടെ അവസാന അഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാനായി പ്രവര്‍ത്തിക്കുന്ന അംബുലന്‍സ് വിഷ് ഫൗണ്ടേഷന്‍ എന്ന സാമൂഹിക സംഘടന ഇദ്ദേഹത്തിന്റെ വ്യത്യസ്ഥമായ ആഗ്രഹം കേട്ടറിയുകയും സഹായിക്കാനായി രംഗത്ത് വരികയുമായിരുന്നു. അംബുലന്‍സ് വിഷ് ഫൗണ്ടേഷന്‍ മരിയോവിനെ മൃഗശാലയിലെ തന്റെ പ്രീയപ്പെട്ട ജിറാഫികള്‍ക്ക് അടുത്തേക്ക് കൊണ്ട് പോയി. അവയുടെ അരികില്‍ കിടത്തി. മരിയോവിന് അടുത്ത് വന്ന് പല ജിറാഫുകളും മുഖം കൊണ്ട് തൊട്ടും തലോടിയും സ്‌നേഹാന്വേഷണങ്ങള്‍ നടത്തുന്നത് ഏവരുടെയും കണ്ണ് നിറയിക്കുന്ന ഒരു അനുഭവമായിരുന്നു.മൃഗങ്ങള്‍ക്ക് പല രോഗങ്ങളും പെട്ടെന്നു മനസ്സിലാക്കാനുള്ള കഴിവ് ഉണ്ടെന്ന കാര്യം പലപ്പോഴായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഈ നിഗമനത്തില്‍ അടിവരയിടുന്ന നിലയിലായിരുന്നു പ്രീയപ്പെട്ട തന്റെ പരിപാലകനോടുള്ള ജിറാഫുകളുടെ പെരുമാറ്റവും.

LEAVE A REPLY

Please enter your comment!
Please enter your name here