മരണത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ആളില്ലാത്ത അപ്പാര്‍ട്‌മെന്റിന്റെ ഫ്രീസറില്‍ വീട്ടുജോലിക്കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.

ഫിലിപ്പെയ്ന്‍ സ്വദേശി ജോന്ന ഡനീല ഡെമാഫില്‍സിന്റെ മരണത്തിലാണ്, അറസ്റ്റിലായ ലെബനീസ് പൗരന്റെ മാതാവ് നിര്‍ണ്ണായക വിവരങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയത്.

തന്റെ മകന്‍ നാദിര്‍ ഇഷാം അസാഫ് നിരപരാധിയാണെന്ന് മാതാവ് പറഞ്ഞു. നാദിറിന്റെ ഭാര്യയും സിറിയന്‍ പൗരയുമായ മോണ ഹാസൂണാണ് അവനെ ഇത്തരത്തില്‍ ഒരു പ്രശ്‌നത്തിലേക്ക് തള്ളിവിട്ടത്.

നാദിറിന് ഒരു ഉറുമ്പിനെ പോലും കൊല്ലാന്‍ സാധിക്കില്ല. എന്നാല്‍ മോണ അങ്ങനെയല്ല. വീട്ടുജോലിക്കാരിയെ അവള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു.ഞാന്‍ കുവൈറ്റില്‍ പോയപ്പോള്‍ മോണ വീട്ടുജോലിക്കാരിയെ മര്‍ദ്ദിക്കുന്നത് കണ്ടിരുന്നു.

വീട്ടുജോലിക്കാരിയെ താല്‍പ്പര്യമില്ലെങ്കില്‍ പറഞ്ഞുവിടാന്‍ താന്‍ മരുമകളോട് പറഞ്ഞിരുന്നു. എന്നാല്‍ അവള്‍ ഇത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.

വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാതെയാണ് താന്‍ കുവൈററില്‍ നിന്നും മടങ്ങിയതെന്നും നാദിറിന്റെ മാതാവ് വ്യക്തമാക്കുന്നു.

വീട്ടുജോലിക്കാരിയായ ജോന്നയ്ക്ക് ഭക്ഷണമോ ശമ്പളോ നല്‍കിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നാദിറിനൊപ്പം മോണ ഹാസൂണും പൊലീസ് പിടിയിലായിട്ടുണ്ട്. അതേസമയം മോണ ഗര്‍ഭിണിയാണെന്നും നാദിറിന്റെ മാതാവ് വെളിപ്പെടുത്തി.

2016 മുതല്‍ അടച്ചിട്ടിരുന്ന അപാര്‍ട്‌മെന്റിലെ ഫ്രീസറില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സിറിയയില്‍ വെച്ചാണ് ലെബനീസ് പൗരനായ നാദിറിനെയും ഭാര്യ മോണയെയും പിടികൂടിയത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here