ജനവാസ മേഖലയില്‍ പുലിയിറങ്ങി

ഇന്‍ഡോര്‍: ജനവാസമേഖലയില്‍ പുലിയിറങ്ങിയത് പരിഭ്രാന്തി പരത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്ത് പല്ലര്‍ നഗറിലാണ് സംഭവം. പുലിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസമാണ് പല്ലര്‍ നഗറിലെ കോളനിയില്‍ പുലിയെ പ്രദേശവാസികള്‍ കണ്ടെത്തിയത്. കുടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആളുകളെ ആക്രമിക്കുന്ന പുള്ളിപുലിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഭീതിയിലായ ജനങ്ങള്‍ വീടുകളില്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായി. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും ആദ്യശ്രമങ്ങളില്‍ പുലിയെ പിടി കൂടാനായില്ല. അതിനിടയില്‍, പുലിയിറങ്ങിയതറിഞ്ഞ് നിരവധി പേര്‍ കോളനിയില്‍ തടിച്ചു കൂടിയത് സ്ഥിതിഗതികള്‍ വഷളാക്കി.

സുരക്ഷിത സങ്കേതം തേടി ഓടിയ പുലി ആള്‍ക്കൂട്ടത്തിനെ ആക്രമിക്കുകയും ചെയ്തു. പുലിയുടെ ആക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അഞ്ച് തവണ മയക്കുവെടി വച്ചെങ്കിലും പുലിയെ പിടികൂടാന്‍ കഴിഞ്ഞില്ല.

ആറാം തവണ നടത്തിയ ശ്രമത്തിലാണ് പുലി കെണിയിലായത്. മയക്കുവെടിയേറ്റ പുലിയെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here