ആഗ്ര :സമൂഹ വിവാഹത്തില്‍ വേഷം മാറിയെത്തി സ്വവര്‍ഗ്ഗാനുരാഗികളായ പെണ്‍കുട്ടികള്‍ പരസ്പരം കല്ല്യാണം കഴിച്ചു. പ്രസ്തുത ചടങ്ങിന്റെ സംഘാടകരെയടക്കം കബളിപ്പിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. ആഗ്രയിലെ തെദി ബാഗിയ ഗ്രാമവാസികളാണ് പെണ്‍കുട്ടികള്‍.
പെണ്‍കുട്ടികളില്‍ ഒരാള്‍ ദളിത് കുടുംബാംഗവും മറ്റൊരാള്‍ ബ്രാഹ്മണ ജാതിക്കാരിയുമായിരുന്നു. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ഭീംനഗരിയില് അരങ്ങേറുന്ന സമൂഹ വിവാഹത്തിലാണ് ഇവര്‍ പങ്ക് കൊണ്ടത്. അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ഈ പരിപാടി ഏറെ പേര് കേട്ടതാണ്. വിവാഹം വേദിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ആര്‍ക്കും സംശയം തോന്നാതിരിക്കുവാനും
വ്യാജ മാതാപിതാക്കളെയും ഇവര്‍ സംഘടിപ്പിച്ചിരുന്നു.
ഏപ്രില്‍ 16 നായിരുന്നു ഇരുവരുടെയും വിവാഹം. ആണായി വേഷം മാറിയ പെണ്‍കുട്ടിയെ വിവാഹ വേദിയിലെ ആരും തിരിച്ചറിഞ്ഞ് പോലുമില്ലായെന്നതാണ് ഏറെ രസകരം. വിവാഹവും കഴിച്ച് സംഘാടകര്‍ നല്കിയ സമ്മാനങ്ങളുമായി ഇവര്‍ മടങ്ങി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടികളെ കണ്ടെത്താനായി വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ മറ്റൊരു ഗ്രാമത്തില്‍ ദമ്പതികളായി കഴിയുകയാണെന്ന് വിവരം ലഭിച്ചത്.
ഇരു വീട്ടുകാരും പെണ്‍കുട്ടികള്‍ താമസിക്കുന്ന വാടക വീട് അന്വേഷിച്ച് കണ്ടെത്തി. ശേഷം ഇവരേയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍ തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കണമെന്ന് പെണ്‍കുട്ടികള്‍ വാശി പിടിച്ചതോടെ പൊലീസും കുഴപ്പത്തിലായി. സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വിഷയം സങ്കീര്‍ണ്ണമായത് കൊണ്ട് തന്നെ വിഷയം മജിസ്ട്രേറ്റിന് കൈമാറിയതായും പൊലീസ് അറിയിച്ചു.